കോവിഡ് ഭീതിക്കിടയിലും പൈനാപ്പിൾ മാർക്കറ്റ് സജീവമാകുന്നു. രണ്ടു വർഷമായി നിർജീവാവസ്ഥയിലിരുന്ന വാഴക്കുളം മാർക്കറ്റിൽ ജനുവരി അവസാനത്തോടെയാണ് വീണ്ടും തിരക്കേറിയത്. രണ്ടുവർഷത്തിനുശേഷം കർഷകർക്ക് മികച്ച വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. വേനൽ ശക്തമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻതോതിൽ ചരക്ക് കയറിപ്പോകാൻ ആരംഭിച്ചു.
ഇതോടെ കഴിഞ്ഞ സീസണിൽ 16 രൂപ മാത്രം ലഭിച്ച പൈനാപ്പിളിന് ഇത്തവണ 30 രൂപവരെയായി വിലയുയർന്നു. രണ്ടു വർഷത്തിനിടയിലുണ്ടായ ഏറ്റവും ഉയർന്ന വിലയാണിത്.
കോവിഡ് വ്യാപനം രൂക്ഷമായി ചെലവ് കുറഞ്ഞ് നഷ്ടം ഏറെ വന്നിട്ടും കർഷകർ ഉൽപാദനം കുറക്കാൻ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ഉൽപന്നത്തിന് ഇതുവരെ കുറവ് വന്നിട്ടില്ല.
വ്യാഴാഴ്ച വാഴക്കുളം മാർക്കറ്റിൽനിന്ന് നൂറ്റി ഇരുപതോളം ലോഡ് ഉൽപന്നമാണ് ഇതരസംസ്ഥാനങ്ങളിലേക്ക് കയറിപ്പോയത്. ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ആന്ധ്ര, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിവസേന പൈനാപ്പിൾ കയറിപ്പോകുന്നുണ്ട്. ഇതിനു പുറമെ 5000 ടൺ പൈനാപ്പിൾ സംസ്ഥാനത്തിനു പുറത്തുള്ള പ്രോസസിങ് കമ്പനികളും വാങ്ങി. ഇതും വിപണിക്ക് ഗുണകരമായി.
കോവിഡ് ഒരർഥത്തിൽ പൈനാപ്പിൾ വിപണിക്ക് ഗുണകരമായെന്ന് വ്യപാരികൾ. കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ അടക്കമുള്ള നൂറുകണക്കിനാളുകൾ പൈനാപ്പിൾ വ്യാപാരത്തിലേക്കിറങ്ങിയത് മേഖലക്ക് ഏറെ ഗുണം ചെയ്തെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിസന്റ് ബേബി പൊടിക്കാട്ടുകുന്നേൽ പറഞ്ഞു.
തെരുവോരങ്ങൾ കേന്ദ്രീകരിച്ച് ഉന്തുവണ്ടികളിൽ അടക്കം പൈനാപ്പിൾ വിൽപ്ന നടക്കുന്നുണ്ട്. ഇതുമൂലം നൂറുകണക്കിന് ടൺ ഉൽപന്നമാണ് ചീഞ്ഞുപോകാതെ വിൽപന നടത്താനായത്.