തീരം തിരയെടുക്കുന്നത് തടയാൻ കോവളം വിനോദസഞ്ചാര കേന്ദ്രത്തിൽ നൂതന പുലിമുട്ട് പദ്ധതി. കടലിൽ തീരത്തിന് സമാന്തരമായാണ് പുലിമുട്ട് ദ്വീപ് പണിയുന്നത്. വൈദ്യുതി അലങ്കാരങ്ങൾ ഉൾപ്പെടെ ക്രമീകരിച്ച് സന്ദർശകരെ ദ്വീപിലേക്ക് അനുവദിക്കും.
രാജ്യത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പിലാകുന്നത്. ജിയോ ട്യൂബോ, കരിങ്കല്ലോ ഉപയോഗിച്ചാകും ഇത് നിർമ്മിക്കുന്നത്. രൂപരേഖ അടക്കമുള്ള പദ്ധതി നിർദേശം ടൂറിസം വകുപ്പിന് സമർപ്പിച്ചു. അംഗീകാരം ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കും.
കരയിൽ നിന്ന് 200 മീറ്റർ ദൂരത്തിലാണ് പുലിമുട്ടുകൾ വരുന്നത്. ഹാർബർ എൻജിനീയറിംഗ് വിഭാഗമാണ് പദ്ധതി തയ്യാറാക്കുന്നത്. 180 മീറ്ററായിരിക്കും നീളം. ജിയോ ട്യൂബ് ഉപയോഗിച്ചാൽ ചെലവ് 22 കോടിയിൽ ഒതുങ്ങും. എന്നാൽ കരിങ്കൽ നിർമ്മാണത്തിന് ചെലവ് 42 കോടിയാകും. കടലിലെ ഡാറ്റാ ശേഖരണത്തിന് പുറമെ ലാബിൽ മാതൃകാപഠനവും നടത്തിയ ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയതെന്ന് അധികൃതർ പറഞ്ഞു.
കോവളം തീരം തിരയടിയിൽ ഇടിഞ്ഞുപോകുന്ന സ്ഥിതിയിലാണ്. ഇവിടത്തെ നടപ്പാതകൾ ഇടിഞ്ഞുതാണു. നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാലവർഷത്തിൽ തിരയിൽപ്പെട്ട് തകരുകയാണ് പതിവ്.
നൂതന പുലിമുട്ട് വരുന്നതോടെ തീരസംരക്ഷണം സുരക്ഷിതമാകുമെന്നാണ് പഠനം. കഴിഞ്ഞ വർഷം മന്ത്രി മുഹമ്മദ് റിയാസ് കോവളം സന്ദർശിച്ച് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നു.
നിർമ്മാണച്ചുമതല - ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്
നിർമ്മാണം വെള്ളത്തിന് മുകളിൽ ചെറിയ പാർക്ക് പോലെ
വർണ വിളക്കുകൾ സ്ഥാപിച്ച് സഞ്ചാരികൾക്ക് മനോഹര കാഴ്‌ചയൊരുക്കും
കടൽ തീരത്ത് നിന്ന് വള്ളത്തിലോ ബോട്ടിലോ ഇവിടേക്ക് എത്താം.
ലൈറ്റ് ഹൗസ്, ഹവ്വാ തീരങ്ങളിൽ രണ്ട് പുലിമുട്ട് ദ്വീപുകളാണ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്.