യുക്രെയ്നിലുള്ള ഇന്ത്യക്കാർക്കു പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ. എംബസി നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ അറിയിച്ചു. അധികൃതരുടെ നിർദേശം ലഭിക്കാതെ അതിർത്തികളിലേക്കു വരരുത്. ജാഗ്രത തുടരണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്കു കൊണ്ടുപോകാനായി യുക്രെയ്നിന്റെ അതിർത്തി രാജ്യങ്ങളിലുള്ള എംബസികളുമായി ചേർന്നു പ്രവർത്തിക്കുകയാണ്. യുക്രെയ്ന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഭക്ഷണവും വെള്ളവും താമസസൗകര്യവും ലഭിക്കുന്നെങ്കിൽ അവിടെ തുടരുന്നതാണു നല്ലത്.
യുക്രെയ്ന്റെ കിഴക്കുഭാഗത്തുള്ളവർ സുരക്ഷിതമായ ഇടത്തുതന്നെ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു.
അതേസമയം, പോളണ്ട് അതിർത്തിയിലേക്കു പോയ ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനായില്ല. വെള്ളിയാഴ്ച ഇവിടെയെത്തിയ മുന്നൂറോളം വിദ്യാർഥികൾ കുടുങ്ങിയ നിലയിലാണ്. സംഘത്തിൽ നൂറോളം മലയാളി വിദ്യാർഥികളുമുണ്ട്. കൊടും തണുപ്പിൽ മണിക്കൂറുകളോളം ഇവർ കാത്തിരിക്കുകയാണ്.