കോവിഡ് മഹാമാരിയെ തുടർന്ന് 2020ൽ അടച്ച സ്കൂളുകൾ വീണ്ടും തുറന്നു. കോവിഡ് വാക്സിനേഷൻ നടക്കുന്നുണ്ടെങ്കിലും രോഗം ഇതുവരെ പൂർണ്ണമായും പിന്മാറിയിട്ടില്ല. രോഗത്തിനെ കുറിച്ചുള്ള ഭീതിയകറ്റി ജാഗ്രത പാലിച്ചുകൊണ്ട് മുന്നോട്ടുപോകുക എന്നതാണ് നിലവിൽ സാധ്യമാകുക.
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മാസ്ക് ധരിച്ച് മാത്രം വീട്ടിൽ നിന്നും ഇറങ്ങുക
- എൻ 95 മാസ്ക് ധരിക്കുക ഇല്ലെങ്കിൽ രണ്ട് മാസ്ക് (ഡബിൾ മാസ്ക്) ധരിക്കുക
- വായും മൂക്കും മൂടത്തക്കവിധത്തിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക
- യാത്രകളിലും സ്കൂളിലും ക്ലാസിലും മാസ്ക് ധരിച്ച് കൊണ്ട് മാത്രം സംസാരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്.
- കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകയോ സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രമേ കണ്ണ്, മൂക്ക്, വായ് എന്നീ ഭാഗങ്ങൾ സ്പർശിക്കാൻ
പാടുള്ളൂ.
- യാത്രയിലും സ്കൂളിലും എപ്പോഴും സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കുക
ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ അകലം പാലിക്കുക
- ഭക്ഷണം, കുടിവെള്ളം എന്നിവ ഒരേ പാത്രത്തിൽ നിന്നോ കുപ്പിയിൽ നിന്നോ ഒന്നും പങ്കിടരുത്
- ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത്
- കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടരുത്
- ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പിട്ട് കഴുകണം
- ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
സ്കൂളിൽ ശ്രദ്ധിക്കേണ്ട മറ്റ് ചില പ്രധാന കാര്യങ്ങൾ
- ക്ലാസ് മുറിയിലെ ജനലുകളും വാതിലുകളും തുറന്നിടണം
- പഠനോപകരണങ്ങൾ കൈമാറരുത്
- പനി, ചുമ, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ സ്കൂളിൽ പോകരുത്
- കോവിഡ് സമ്പർക്ക പട്ടികയിൽ ഉള്ളവർ സ്കൂളിൽ പോകരുത്
- സ്കൂളിലും വീട്ടിലും ശുചിമുറികൾ ഉപയോഗിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം
- വിദ്യാർത്ഥികളോ/ ജീവനക്കാരോ/ അധ്യാപകരോ രോഗലക്ഷണം പ്രകടിപ്പിച്ചാൽ,അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക
- കുട്ടികളോ/ ജീവനക്കാരോ /അധ്യാപകരോ അല്ലാത്തവർ സ്കൂൾ സന്ദർശിക്കരുത്
സ്കൂൾ വിട്ട് തിരികെ വീട്ടിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വീട്ടിലെത്തി കുളിച്ച ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക
- സ്കൂളിൽ പോകുമ്പോൾ ഉപയോഗിച്ച വസ്ത്രങ്ങളും മാസ്കും വീട്ടിലെത്തിയാലുടൻ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം
മറ്റ് ചില പ്രധാന കാര്യങ്ങൾ
- വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തണം
- രോഗലക്ഷണം തോന്നിയാൽ ഭയപ്പെടാതെ അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കണം
- സ്കൂളിൽ വരേണ്ട ദിവസം/ സമയം എന്നിവ അറിയിക്കുന്നത് അനുസരിച്ച് മാത്രം ഓരോ കുട്ടിയും സ്കൂളിൽ എത്തുക
- കുട്ടികൾക്കുണ്ടാകുന്ന ഏതുതരം ആശങ്കളും ആകുലതകളും അധ്യാപകരുമായി പങ്കുവെക്കുക. പ്രയാസങ്ങൾ എന്തായാലും അധ്യാപകരോട് തുറന്ന് പറയുക