വാഹനങ്ങളുടെ അടിസ്ഥാന വിലയോടൊപ്പം സെസ്സും, ജി.എസ്.റ്റിയും ഉൾപ്പടെയുള്ള നികുതികൾ ചുമത്തിയതിനുശേഷം ആ തുകയ്ക്ക് റോഡ് ടാക്സ് ഈടാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പൊതുപ്രവർത്തകനും, ജില്ലാ പഞ്ചായത്തംഗവും, ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് സർക്കാറിന് നോട്ടീസ് നൽകി.
നിലവിൽ ഒരു വാഹനം വാങ്ങുമ്പോൾ അതിന്റെ അടിസ്ഥാന വിലയോടൊപ്പം 20 ശതമാനം സെസ്സും 28 ശതമാനം ജി.എസ്.ടിയും ഉൾപ്പടെ 48 ശതമാനം നികുതിയാണ് ഉപഭോക്താവ് നൽകേണ്ടത്. എന്നാൽ വാഹനത്തിന്റെ അടിസ്ഥാന വിലയിൽ നിന്ന് റോഡ് ടാക്സ് ഈടാക്കുന്നതിന് പകരം സെസ്സും, ജി. എസ്. റ്റി യും ഉൾപ്പെടെയുള്ള വിലയുടെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ റോഡ് ടാക്സ് ഈടാക്കുന്നത്.
ഇന്ത്യയിൽ തന്നെ ആറോളം സംസ്ഥാനങ്ങളിൽ വാഹനങ്ങളുടെ അടിസ്ഥാന വിലയിൽ നിന്ന് റോഡ് ടാക്സ് ഈടാക്കുന്നത്. ജി.എസ്.റ്റി പ്രാബല്യത്തിൽ വന്നതിനു ശേഷം ജി.എസ്.റ്റി കൗൺസിലിന്റെ അംഗീകാരമില്ലാതെ ഇത്തരത്തിൽ നികുതി ഈടാക്കാൻ സംസ്ഥാന സർക്കാറിന് അവകാശമില്ലെന്നും ഷോൺ ജോർജ് ഹർജിയിൽ ചൂണ്ടിക്കാട്ടി. അഡ്വ. നിനു.എം.ദാസ്, അഡ്വ.സുജ.എസ് എന്നിവരാണ് ഷോൺ ജോർജിന്റെ അഭിഭാഷകർ.