കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ചെറാട് കൂരാച്ചിമലയില്‍ ട്രക്കിങ്ങിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ സാഹസീകമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഇടുക്കി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ 11-02-2022 മുതൽ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
ഇതോടെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തുന്ന എല്ലാ ട്രക്കിങ്ങുകളും അനധികൃതമായി കണക്കാക്കുകയും ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുകയും ചെയ്യും. ട്രക്കിങ്ങ് ചെയ്യുന്ന പ്രദേശം വനം വകുപ്പിന്‍റെ അധീനതയിലാണെങ്കില്‍ വനംവകുപ്പിന്‍റെ അനുമതിയോട് കൂടി മാത്രമേ ട്രക്കിങ്ങ് നടത്താന്‍ പാടുള്ളൂ.
കഴിഞ്ഞ ദിവസം കൂരാച്ചി മലയില്‍ ട്രക്കിങ്ങിന് പോയ പ്രദേശവാസിയായ ബാബുവിനെ 46 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യത്തിന്‍റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഇത്രയും നേരം വെള്ളമോ ഭക്ഷണമോയില്ലാതെ ബാബു 600 മീറ്റര്‍ ഉയരത്തില്‍ മലയിടുക്കില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഏറെ ആശങ്ക നിറച്ച നിമിഷങ്ങള്‍ക്കൊടുവില്‍ സൈന്യത്തിന്‍റെ സഹായത്താലാണ് ബാബുവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.
ബാബുവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ അനധികൃതമായി പ്രവേശിച്ചതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തത് വിവാദമാവുകയും ഒടുവില്‍ വനം മന്ത്രി കേസ ഒഴിവാക്കാന്‍ വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു.