പാലാ: ഭാരതീയമൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുത്താൽ ഉന്നതസംസ്കാരമുള്ള ജനതയെ വാർത്തെടുക്കാമെന്ന് കേരള സർക്കാർ മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്. ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സി.ബി.എസ്.ഇ. സെക്കന്ററി സ്കൂളിലെ പിറ്റിഎ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്നോളജിയിൽ അഭിരമിക്കുന്ന പുതിയ തലമുറയ്ക്ക് മൂല്യങ്ങൾ നിലനിർത്താനുള്ള ഒറ്റമൂലിയാണ് ബന്ധങ്ങൾ. വീട്ടിലെ പഴയ തലമുറയും കുട്ടികളുമായുള്ള ബന്ധം സുദൃഢമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. മക്കൾക്ക് മുന്നിൽ മാതൃകയാവുകയാണ് ഏറ്റവും നല്ല പേരന്റിംഗ് പാഠമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അംബികാ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ക്ഷേമസമിതി പ്രസിഡൻറ് ഡോ. വി.ബി. സുനിൽ ദീപം തെളിയിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സി.എസ്. പ്രദീഷ്, മാതൃസമിതി പ്രസിഡന്റ് ലതികാ ബിജു, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.എൻ സുകുമാരൻ നായർ, കമ്മിറ്റി അംഗം ഡി. ചന്ദ്രൻ, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ബിജു കൊല്ലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.