തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്സി നിരക്കു വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്കു നിലവിൽവരും. സർക്കാർ നിയോഗിച്ച കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളുടെ മിനിമം നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാകും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ അധികം നൽകണം.
നേരത്തേ 90 പൈസയായിരുന്നു. മിനിമം നിരക്കിന് അനുസരിച്ച് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളുടെ നിരക്കിലും മാറ്റം വരും. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നത് രണ്ടു കിലോമീറ്ററിനു 30 രൂപയാക്കി. തുടർന്നു വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാകും. നിലവിൽ 12 രൂപയാണ്.
ടാക്സി കാറുകളിൽ 1500 സിസിയിൽ താഴെയുള്ളവയ്ക്ക് 5 കിലോമീറ്ററിന് 175 രൂപ എന്നത് 200 ആകും. തുടർന്നുള്ള കിലോമീറ്ററിന് 18 രൂപ ഈടാക്കും. നിലവിൽ 15 രൂപയാണ്. വെയിറ്റിങ് ചാർജ്, രാത്രിയാത്ര തുടങ്ങിയവയിൽ മാറ്റമില്ല. വിദ്യാർഥികളുടെ കൺസഷൻ നിരക്കിനെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ ചുമതലപ്പെടുത്തി.