പാലാ: ഏതാനും വർഷമായി മുടങ്ങിക്കിടക്കുന്ന പാലാ ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടത്തിന് വഴിതെളിയുന്നു. നഗരത്തിലേക്ക് വരുന്ന എല്ലാ റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് നാലു ഘട്ടമായി വിഭാവനം ചെയ്തിട്ടുള്ള ടൗൺ റിംങ് റോഡിൻ്റെ ഒന്നാം ഘട്ടം കടപ്പാട്ടൂർ ജംഗ്ഷൻ മുതൽ പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈൽ വരെയുള്ള ഭാഗം നേരത്തെ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കപ്പെട്ടിരുന്നുവെങ്കിലും പന്ത്രണ്ടാം മൈൽ മുതൽ ഈരാറ്റുപേട്ട റോഡിൽ ചെത്തി മറ്റം കളരിയാoമാക്കൽ വരെയുള്ള ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്ന കാലത്താണ് നാറ്റ്പാക് മുഖേന തയ്യാർ ചെയ്ത് അംഗീകരിച്ച റിംങ് റോഡ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
രണ്ടാംഘട്ട അലൈൻമെൻ്റ് പ്രകാരം അളന്ന് കല്ലിട്ട ഭാഗത്തെ 99% ഭൂഉടമകളും സമ്മതപത്രം നേരത്തെ നൽകിയിരുന്നതുമാണ്. എന്നാൽ തുടർനടപടി ഉണ്ടായില്ല. ഇതേ തുടർന്ന് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും പാലാ നഗരസഭയും ഭൂഉടമകളും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നു.എൽ.ഡി.എഫ് പ്രാദേശിക ഘടകവും വിഷയത്തിൽ ഇടപെട്ടിരുന്നു.
ഭൂമി ഏറ്റെടുക്കൽ വൈകിയതു മൂലം കല്ലിട്ട് അളന്ന് തിരിച്ച ഭാഗത്തെ ഭൂമിയിൽ വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങളും ദ്വീർഘകാല കൃഷിയും ക്രയവിക്രയങ്ങളും മുടങ്ങിയ നിലയിലായിരുന്നു . ഈ വിഷയം ചൂണ്ടിക്കാട്ടി പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് അധികൃതർ വിഷയത്തിൽ ഇടപെടുകയും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2. 21 കി.മീ .ദൂരം വരുന്ന രണ്ടാം ഘട്ടത്തിൻ്റെ തുടക്കം പന്ത്രണ്ടാം മൈൽ മുതൽ 1.920 കി.മീറ്റർ വരെയുള്ള ഭാഗം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയും അവശേഷിക്കുന്ന ഭാഗം പൊതുമരാമത്ത് വകുപ്പ് മുഖേനയും നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഖാന്തിരം ജയ്സൺ മാന്തോട്ടത്തിനെ രേഖാമൂലം അറിയിച്ചു.
രണ്ടാം ഘട്ടത്തിനായി 10.07.2017-ൽ സർക്കാർ ഉത്തരവ് ജി.ഒ.(ആർ.ടി) നം. 942 /2017/പി.ഡബ്ല്യു.ഡി.ഉത്തരവ് പ്രകാരം 45 കോടിയുടെ ഭരണാനുമതി നൽകിയത് നിലവിലുണ്ടെന്നും സ്ഥലം ഏറ്റെടുത്ത് റോഡ് നവീകരിക്കുന്നതിന് വിശദമായ രൂപരേഖ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന തയ്യാറാക്കി വരുന്നുവെന്നും എക്സിക്യൂട്ടീവ് എൻജീനീയറുടെ കത്തിൽ പരാതിക്കാരനായ ജയ്സൺമാന്തോട്ടത്തിനെ അറിയിച്ചിട്ടുണ്ട്.
ഒന്നാം ഘട്ടത്തിന് നൽകിയ ഭരണാനുമതി പ്രകാരം അവശേഷിക്കുന്ന തുക വിനിയോഗിച്ച് കളരിയാംമാക്കൽ പാലം അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കലിന് നടപടിക്രമങ്ങൾ നടന്നുവരുന്നു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറുമ്പോൾ ഈ ഭാഗം പി.ഡബ്ല്യു.ഡി.തന്നെ നിർമ്മാണം നടത്തും. ജോസ്.കെ.മാണി എം.പി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയതിനെ തുടർന്ന് കിഫ്ബി അധികൃതർ ഇവിടെ എത്തി റിംങ് റോഡ് അലൈൻമെൻ്റ് പരിശോധിച്ചിരുന്നു.