പാലാ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ക്യാൻസർ ചികിത്സാ വാർഡും കീമോതെറാപ്പി വിഭാഗവും തുറന്നു. പുതിയതായി നിർമ്മിച്ച കാത്ത് ലാബ് ബ്ലോക്കിലെ രണ്ടാം നിലയിലാണ് കിടത്തിചികിത്സാ സൗകര്യത്തോടെയുള്ള വാർഡും ഡേ കെയർ കീമോതെറാപ്പി വിഭാഗവും നവീന സൗകര്യങ്ങളോടെ ആരംഭിച്ചത്.
സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളും ഐസൊലേഷൻ വിഭാഗങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഇതോടെപ്പം ഓങ്കോളജി ഐ.സി.യു യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കിടക്കകൾക്കും കേന്ദ്രീകൃത ഓക്സിജൻ പൈപ്പ് ലൈനുകളും പാരാ മോണിറ്ററുകളും സ്ഥാപിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിപ്പിട സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ക്യാൻസർ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഓങ്കോളജി വിഭാഗം തലവൻ ഡോ.പി.എസ് ' ശബരീനാഥ് പറഞ്ഞു. ദിവസം 25 പേർക്ക് സൗജന്യ കീമോതെറാപ്പി സൗകര്യം ലഭ്യമാകും.
ആശുപത്രിയിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പുതിയ ഓങ്കോളജി വാർഡും കീമോതെറാപ്പി വിഭാഗവും ഉൽഘാടനം ചെയ്തു. നഗരസഭാ ബജറ്റ് വിഹിതം ക്യാൻസർ വിഭാഗത്തിന് എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന് ചെയർമാൻ പറഞ്ഞു. ഇവിടേയ്ക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു.
വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പമ്പിൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജയ്സൺ മാന്തോട്ടം, ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേശ് ബാബു, കൗൺസിലർമാരായ ലീന സണ്ണി, സാവിയോ കാവുകാട്ട്, ആർ.സന്ധ്യ, ഹെൽത്ത് ഇൻസ്പെക്ടർ അശോക് എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.