പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ എലിപ്പനി കൂടുതലായി കണ്ടെത്തുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ വിതരണം ഊർജിതമാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ.എൻ. പ്രിയ അറിയിച്ചു. ഏറ്റുമാനൂർ, വൈക്കം ബ്ലോക്കുകൾ, കോട്ടയം, ഏറ്റുമാനൂർ നഗരസഭകൾ എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്.
പ്രദേശങ്ങളിലെ കർഷകത്തൊഴിലാളികൾ, മൃഗങ്ങളെ പരിപാലിക്കുന്നവർ, ഓട, കുളം, ചാലുകൾ എന്നിവ ശുചീകരിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, വെള്ളക്കെട്ടുമായി സമ്പർക്കമുണ്ടായവർ എന്നിവരുടെയും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരുടെയും വീടുകളിൽ മേയ് 20, 21, 22 തീയതികളിലായി ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മരുന്ന് എത്തിക്കും.
വേണം കരുതൽ; സ്വയംചികിത്സ പാടില്ല
പനിയോടൊപ്പം കണ്ണിന് ചുമപ്പു നിറം, മൂത്രത്തിന് മഞ്ഞ അല്ലെങ്കിൽ കടുത്ത നിറം, പേശീവേദന, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയിലേതെങ്കിലും കണ്ടാൽ എലിപ്പനി സാധ്യത സംശയിക്കണം. പനി ബാധിതർ സ്വയംചികിത്സ ഒഴിവാക്കി ഡോക്‌ടറെ സന്ദർശിച്ച് വിദഗ്‌ധ ചികിത്സ തേടണം.
കർഷകത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ജോലി സമയത്ത് കൈയുറ, ഗംബൂട്ടുകൾ എന്നിവ ധരിക്കുന്നത് രോഗാണു ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയും. ശരീരത്തിൽ മുറിവുള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തുടക്കത്തിൽതന്നെ വിദഗ്‌ധ ചികിത്സ ലഭിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും. കൃത്യസമയത്ത് വിദഗ്‌ധ ചികിത്സ ലഭിക്കാതെ കരൾ, വൃക്ക എന്നിവയെ ബാധിച്ച് മരണത്തിനു കാരണമാവുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് ഡി.എം.ഒ. പറഞ്ഞു. മലിനജല സമ്പർക്കമുള്ളവർ ആഴ്‌ചയിലൊരിക്കൽ രണ്ടു നേരം 100 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുന്നത് രോഗാണു ശരീരത്തിൽ പ്രവേശിച്ചാലും എലിപ്പനി ഗുരുതരമാകുന്നത് തടയാൻ സഹായിക്കും.