നാഷണൽ ഹൈവേയിലെ വെള്ളം നിറഞ്ഞ കുഴികളിൽ ടാർ ഉരുക്കി വെള്ളത്തിൽ കലക്കിയാണ് കുഴി അടക്കുന്നതെന്ന് ജോർജ് കുളങ്ങര പറയുന്നു. 70-ൽ പരം രാജ്യങ്ങളിൽക്കൂടി സഞ്ചരിച്ചിട്ടുള്ള താൻ റോഡ് നിർമ്മാണവും, അറ്റകുറ്റ പണികളും നേരിൽ കണ്ടിട്ടുണ്ട്. അത് ശ്രദ്ധിച്ചിട്ടുമുണ്ട്. ആ രാജ്യങ്ങളിലൊക്കെ മഴയത്തും വെയിലത്തും ഒരുപോലെ റോഡുകളിലെ പാച്ചുവർക്കുകൾ കുറഞ്ഞ സമയത്തും കൃത്യമായും നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
പല ഗ്രൂപ്പുകളായിട്ടാണ് പാച്ച് വർക്കേഴ്സ് വരുന്നത്. കുഴിയുള്ള ഭാഗം മാർക്ക് ചെയ്യാൻ ഒരു ഗ്രൂപ്പ്, കുഴിയുടെ മുകളിൽ ടെന്റ് കെട്ടാൻ മെറ്റൊരു ഗ്രൂപ്പ്, കുഴിയിലെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാൻ മെറ്റൊരു ഗ്രൂപ്പ്, കുഴി ഡ്രയർ ഉപയോഗിച്ച് ഉണക്കാൻ മെറ്റൊരു ഗ്രൂപ്പ്, കുഴി മെഷീൻ ഉപയോഗിച്ച് കട്ട് ചെയ്യാൻ വേറൊരു ഗ്രൂപ്പ്, കുഴി ക്ലീൻ ചെയ്യാൻ മെറ്റൊരു ഗ്രൂപ്പ് എന്നിങ്ങനെ പല വിഭാഗങ്ങളിലായിട്ടാണ് ജോലികൾ നടത്തുന്നത്.
കൃത്യമായ ചൂടിൽ മെറ്റൽ പാകമാക്കി ടാറും മിക്സ് ചെയ്തു കുഴിയിൽ ഇട്ട് നികത്തുന്നു. മെഷീൻ ഉപയോഗിച്ച് ഉറപ്പിക്കാൻ വേറൊരു ഗ്രൂപ്പ്, ഒന്നോ രണ്ടോ മണിക്കൂർകൊണ്ട് പണി തീരുന്നു. ഈ ടീം അടുത്ത സ്ഥലത്തേക്ക് പോകുന്നു. ഒറ്റ രാത്രിയിൽ കിലോമീറ്റർ കണക്കിന് റോഡിലെ പാച്ച് വർക്ക് തീർക്കുന്നു. വികസിത രാജ്യങ്ങളിൽ റോഡിലെ കുഴിയടപ്പ് രാത്രി കാലങ്ങളിൽ മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
തുടർന്ന് ഇവിടുത്തെ എൻജിനീയർമാരെ കടുത്ത ഭാഷയിൽ തന്നെ അദ്ദേഹം വിമർശിക്കുന്നുണ്ട്. നമ്മുടെ എഞ്ചിനീയർമാർക്ക് അറിവില്ലാഞ്ഞിട്ടല്ല, കാണാഞ്ഞിട്ടല്ല, ഖജനാവിലെ പണം കക്കണമെങ്കിൽ ഇങ്ങനെ തന്നെ ചെയ്യണം. കഴുതകളുടെ നാട്ടിൽ ഇങ്ങനെ തന്നെ നടക്കും. എഞ്ചിനീയർമാരെ കയ്യോടെ ജനം പിടികൂടി സമാധാനം പറയിപ്പിക്കണം.
ദുർബലമായ സർക്കാരുള്ള സംസ്ഥാനത്ത് ഇങ്ങനെ തന്നെ സംഭവിക്കും. റോഡിലെ മരണങ്ങൾ തുടർക്കഥയായി മാറും. ജനം നെടുവീർപ്പിടുമെന്നും റോഡിലെ കുഴികളിലെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന റോഡ് എഞ്ചിനീയർമാരുടെ "വട്ടുപണി "അവസാനിപ്പിക്കണമെന്നും ജോർജ് കുളങ്ങര ആവശ്യപ്പെടുന്നു.