സ്വിച്ചിട്ടപ്പോൾ ദേശീയ പതാക പാറിപ്പറന്നത് 100 അടി ഉയരത്തിൽ. കാസർകോട് റെയിൽവേ സ്‌റ്റേഷനിലാണ് 13 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കൂറ്റൻ ഇലക്ട്രിക്കൽ കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയത്. സംഭവം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ നടന്ന ട്രയൽ റൺ വിജയകരമാണെന്ന് അധികൃതർ അറിയിച്ചു.
പാലക്കാട് റയിൽവേ ഡിവിഷന് കീഴിൽ പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലാണ് ഇലക്ട്രിക്കൽ കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ബജാജ് ഇലക്ട്രിക്കൽസാണ് കൊടിമരം സ്ഥാപിക്കുന്നതിന് കരാർ ഏറ്റെടുത്തത്. ഒരു വർഷത്തെ മെയിന്റനൻസ് ബജാജ് ഇലക്ട്രിക്കൽസാണ് വഹിക്കുക.
ഇതിന് മുമ്പ് കേരളത്തിൽ കോഴിക്കേട്, കണ്ണൂർ വിമാനത്താവളങ്ങളിൽ 100 അടി ഉയരത്തിൽ ഇലക്ട്രിക്കൽസ് കൊടിമരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ ദേശീയപതാക വ്യക്തമായി തെളിഞ്ഞുകാണാൻ 400 വാൾട്സിന്റെ രണ്ട് എൽ.ഇ.ഡി ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് റെയിൽവേ ഡിവിഷനിൽ അറിയിച്ച ശേഷം ഔദ്യോഗിക ചടങ്ങ് പിന്നീട് ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.