പാലാ: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കാപ്പൻ കുടുംബം രണ്ടു കുടുംബങ്ങൾക്കു വീടുവയ്ക്കാൻ ഭൂമി ലഭ്യമാക്കി. മേലുകാവുമറ്റം കറുത്തേടത്ത് സിനി രാജപ്പൻ, പാലാ ചെത്തിമറ്റം വെട്ടിമറ്റത്തിൽ വി ജെ ജോർജ് എന്നിവർക്കാണ് ഭൂമി ലഭ്യമാക്കിയത്.
സ്വാതന്ത്ര്യസമര നേതാവും മുൻ എം പി യും എം എൽ എ യും പാലാ നഗരസഭ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ, ഭാര്യ ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മയ്ക്കായി മകൻ ചെറിയാൻ സി കാപ്പൻ ഇടപ്പാടിയിൽ വാങ്ങിയ 53 സെന്റ് സ്ഥലത്തിൽ നിന്നും മൂന്ന് സെൻറ് സ്ഥലമാണ് വീടുവയ്ക്കാൻ സൗജന്യമായി നൽകിയത്.
സിനിയും രണ്ടു പെൺമക്കളും ഏറെ ദുരിതത്തിലാണ് കഴിയുന്നത്. സ്ഥിരവരുമാനമില്ലാത്തതിനാൽ ഏറെ കഷ്ടപ്പാടിലാണ് ഇവർ ജീവിക്കുന്നത്. ജോർജിനു സ്വന്തമായി ഭൂമിയില്ല. നാലു മക്കളും ഇദ്ദേഹവും വാടകയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ ദുരവസ്ഥ മനസിലാക്കിയതിനെത്തുടർന്നാണ് സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു വീടുവയ്ക്കാൻ മൂന്ന് സെൻ്റ് ഭൂമി വീതം നൽകാൻ തീരുമാനിച്ചത്.
ഇവർക്കുള്ള ഭൂമിയുടെ ആധാരം മാണി സി കാപ്പൻ എം എൽ എ കൈമാറി. അർഹതയുള്ളവരെ കണ്ടെത്തി സഹായിക്കാൻ സമൂഹം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ സി കാപ്പൻ, ആലീസ് മാണി കാപ്പൻ, ഡിജോ കാപ്പൻ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ടി വി ജോർജ്, എം പി കൃഷ്ണൻനായർ, അപ്പച്ചൻ ചെമ്പൻകുളം, ഷിനോ മേലുകാവ് തുടങ്ങിയവർ പങ്കെടുത്തു.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ കെ നാരായണക്കുറുപ്പ്, ചെറിയാൻ സി കാപ്പൻ, എബി ജെ ജോസ് എന്നിവരാണ് സൗജന്യമായി ഭൂമി അനുവദിക്കുന്ന സമിതിയിലുള്ളത്. നേരത്തെ വീടില്ലാത്തതിനാൽ കിടങ്ങൂർ പാലത്തിനടിയിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന രണ്ടു കുടുംബങ്ങൾക്ക് വീടു വയ്ക്കുന്നതിനായി ഇവിടെ ആറ് സെൻ്റ് സ്ഥലവും പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജൻ, വള്ളിച്ചിറ മൂന്നുതൊട്ടിയിൽ റോയി, കടനാട് ഇളപ്പുങ്കൽ ഷൈനി അനീഷിന് എന്നിവർക്ക് മൂന്ന് സെൻ്റ് സ്ഥലം വീതം നേരത്തെ ലഭ്യമാക്കിയിരുന്നു.