യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകളുടെ കൂട്ടായ്മ നടപ്പാക്കിയ മൈ ബസ് വീൽസ് കാർഡ് നിർത്തലാക്കി. റിസർവ് ബാങ്ക് നടപടി കടുപ്പിച്ചതോടെയാണ് യാത്രക്കാരിൽ നിന്ന് മുൻകൂർ പണം സ്വീകരിച്ച് നടപ്പാക്കിയിരുന്ന സംവിധാനം നിർത്തിയത്.
കോട്ടയം ജില്ലയിലെ 80 ഉടമകളുടെ നൂറുബസുകളാണ് കൂട്ടായ്മയിൽ ചേർന്നത്. ഇവരിൽ 40 പേരാണ് കമ്പനിയുടെ പാർട്ട്ണർമാരായത്. മറ്റ് നാൽപ്പതുപേർ അംഗങ്ങളുമാണ്.
പാർട്ട്ണർമാരുടെ ബസുകളിൽ മാത്രമേ യാത്രക്കാർക്ക് ഇളവ് നൽകാനാവൂ എന്നായിരുന്നു റിസർവ് ബാങ്ക് ആദ്യം നോട്ടീസിൽ ഉണ്ടായിരുന്നത്. തുടർന്നാണ്, അംഗങ്ങളായ 40 പേരുടെ ബസുകളിൽ ഡിസ്കൗണ്ട് കാർഡ് പിൻവലിച്ചത്. പിന്നീട് ഈ നാൽപ്പതുപേരെകൂടി പാർട്ട്ണർമാരാക്കി ഭേദഗതിവരുത്തി റിസർവ് ബാങ്കിന് വിവരം നൽകി.
റിസർവ് ബാങ്കിന്റെ നോട്ടീസ് ലഭിച്ചതോടെ കാർഡിന്റെ പ്രവർത്തനം ഭാഗികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, കൂട്ടായ്മയിലെ പകുതിബസുകളിൽ സംവിധാനം തുടർന്നു. ഇതിനിടെ, കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് ലഭിക്കുകയായിരുന്നു. കമ്പനി രജിസ്ട്രേഷൻ നിയമമനുസരിച്ച് ചങ്ങനാശ്ശേരി ആസ്ഥാനമായാണ് 2010-ൽ മൈബസ് ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചത്.