പാലാ: കരൂർ പഞ്ചായത്തിൽ വൈദ്യശാലപടിയിലുള്ള പുട്ടു എന്ന സുനീഷിനെ (29) മർദ്ദിച്ചു കൊന്ന കേസിൽ രണ്ടുപേരെ പാലാ പോലീസ് പിടികൂടി. വട്ടക്കാനത്തിൽ വീട്ടിൽ അജിത്ത് (30), നെച്ചിപ്പുഴൂർ കൈത്തുംകര വീട്ടിൽ അനീഷ് എന്ന് വിളിക്കുന്ന വിനീത് (38) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഐഎൻടിയുസി കട്ടൻസ് തൊഴിലാളിയായ സുനീഷ് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരണപ്പെട്ടത്.
കഴിഞ്ഞദിവസം പ്രതികൾ ഇരുവരും രാജീവ് നഗർ ടി.വി സെന്ററിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന സുനീഷ് ഇവരോട് ഇവിടെയിരുന്ന് മദ്യപിക്കാൻ പാടില്ലെന്ന് പറയുകയും തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതായി പോലീസ് പറയുന്നു.
ഇതിനുശേഷം വീട്ടിലേക്ക് പോയ സുനീഷിനെ വീട്ടിൽ കയറി വലിച്ചിറക്കി വിറക് കമ്പ് കൊണ്ട് ഇവർ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്സ്. ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആദ്യം പാലാ ജനറൽ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച സുനീഷ്
ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ ചിങ്ങവനം പാത്താമുട്ടത്തു നിന്നു പിടികൂടുകയുമായിരുന്നു.
പാലാ ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥി, പാലാ എസ്.എച്ച്.ഒ കെ.പി ടോംസൺ, എസ്.ഐ എം.ഡി അഭിലാഷ്, സി.പി.ഒമാരായ രഞ്ജിത്ത്, ജോഷി മാത്യു, ജോജി ജോസഫ്, ജോസ് സ്റ്റീഫൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.