പാലാ: കെ.എസ്.ആർ.ടി സി യുടെ ദീർഘദൂര സർവീസുകൾക്ക് പുതിയ റൂട്ട്. പുതിയതായി ആരംഭിക്കുന്ന സർവ്വീസുകൾക്കായി പുനലൂർ-പാലാ -മൂവാറ്റുപുഴ സംസ്ഥാന പാതയെ തെരഞ്ഞെടുത്തു.
എം.സി റോഡുവഴിയുള്ള യാത്രയ്ക്ക് ഉണ്ടാകുന്ന സമയ നഷ്ടവും വർദ്ധിച്ച അപകട സാദ്ധ്യതകളും കണക്കിലെടുത്താണ് പുതിയ റൂട്ടിൽ സർവീസ് ആരംഭിയ്ക്കുന്നത്.
സംസ്ഥാന പാതയായ പുനലൂർ-പാലാ -മൂവാറ്റുപുഴ റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്.പത്തനാപുരം - പുനലൂർ ഭാഗം മാത്രമെ ഇനി റോഡ് പണി പൂർത്തീകരിക്കുവാനുള്ളൂ. വാഹന തിരക്ക് കുറഞ്ഞ റൂട്ടുമാണിത്.
പുനലൂർ-പത്തനാപുരം - പത്തനംതിട്ട - റാന്നി - എരുമേലി- കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട -പാലാ -തൊടുപുഴ എന്നീ മലയോര മേഖലയിലെ ദീർഘ ദൂരയാത്രക്കാർക്ക് വളരെ സഹായകരമാകുന്ന തീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു.
ഈ മേഖലയിലെ ദീർഘദൂര യാത്രക്കാരെ ആകർഷിക്കുക കൂടിയാണ് ലക്ഷ്യം. ഇതോടെ പാലാ സ്റ്റേഷൻ പ്രധാന ദീർഘദൂര യാത്രാ കേന്ദ്രമായി മാറുകയാണ്. ഈ റൂട്ട് വഴി കഴിഞ്ഞ ആഴ്ച ആരംഭിച്ച തിരുവനന്തപുരം - ഗുരുവായൂർ സർവ്വീസ് വിജയമായതോടെയാണ് ഇതുവഴി കൂടുതൽ സർവ്വീസിന് നടപടി ആയത്.
തിരുവനന്തപുരം - കല്പറ്റ റൂട്ടിൽ പുതിയ സർവ്വീസ്
സെപ്തംബർ ഒന്നു മുതൽ തിരുവനന്തപുരം - കല്പറ്റ റൂട്ടിൽ പുതിയ സർവീസ് ആരംഭിയ്ക്കും. റിസർവേഷൻ സൗകര്യത്തോടെയാണ് പുതിയ സർവ്വീസുകൾ. തിരുവനന്തപുരത്തു നിന്നും വെളുപ്പിന് 4 മണിക്ക് ആരംഭിക്കുന്ന സർവ്വീസ് 9.30 ന് പാലായിൽ എത്തും.
തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, മുക്കം, താമരശ്ശേരി, അടിവാരം വഴി കല്പറ്റയിൽ വൈകിട്ട് 6 മണിക്ക് എത്തും. തിരികെ വെളുപ്പിന് 5.45ന് കല്പറ്റയിൽ നിന്നും പുറപ്പെട്ട് 2.15 ന് പാലായിലും 7.30 ന് തിരുവനന്തപുരത്തും എത്തും.
പാലായിൽ നിന്നും നേരിട്ട് സർവ്വീസ് കുറവായ ഷൊർണ്ണൂർ, പട്ടാമ്പി, മുക്കം, അടിവാരം മേഖലയിലേക്ക് യാത്രാ സൗകര്യം ഇതോടെ ലഭ്യമാകും.
നവീകരിക്കപ്പെട്ട പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത പരമാവധി പ്രയോജനപ്പെടുത്തി പുതിയ കൂടുതൽ ദീർഘദൂര സർവ്വീസുകൾക്ക് കെ.എസ്.ആർ.ടി.സി നടപടികൾ ആരംഭിച്ചിട്ടുണ്ട്.