ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സ്ത്രീകളുടെ ഉന്നമനവും തുല്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ കുറിച്ചുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് അഞ്ചു പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച പ്രധാനമന്ത്രി, സംസാരത്തിലും പെരുമാറ്റത്തിലും സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതൊന്നും ചെയ്യാതിരിക്കേണ്ടത് പ്രധാനമാണെന്ന് ആഹ്വാനം ചെയ്തു.
'നമ്മുടെ പെരുമാറ്റത്തില്‍ ഒരു വൈകൃതം കടന്നുവന്നിട്ടുണ്ട്, ചില സമയങ്ങളില്‍ നമ്മള്‍ സ്ത്രീകളെ അപമാനിക്കുന്നു, നമ്മുടെ പെരുമാറ്റത്തില്‍ നിന്ന് ഇത് ഒഴിവാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമോ' പ്രധാനമന്ത്രി ചോദിച്ചു.
സ്ത്രീകളോടുള്ള ബഹുമാനമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന സ്തംഭം. നമുക്ക് പെണ്‍ കരുത്തിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇന്ത്യയുടെ വൈവിധ്യം നാം ആഘോഷിക്കണം.