തൊടുപുഴ: രാജ്യപുരോഗതിക്ക് പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണ സിരാകേന്ദ്രങ്ങളിൽ അധികാരത്തെ നിയന്ത്രിക്കുന്ന സുപ്രധാന പദവിയിൽ എത്തുവാൻ രാജ്യത്തെ വനിതകൾക്ക് കഴിഞ്ഞു എന്നുള്ളത് ഏറ്റവും വലിയ ചരിത്ര നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തൊടുപുഴയിൽ വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ജനാധിപത്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് പഞ്ചായത്ത് രാജ് ആക്ട് നടപ്പാക്കാൻ കഴിഞ്ഞത്. കുടുംബശ്രീയും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം വിപ്ലവകരമാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മുതിർന്ന പാർട്ടി നേതാവായ അഗസ്റ്റിൻ വട്ടക്കുന്നനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി പാമ്പയ്ക്കൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പ്രൊഫ. കെ ഐ ആന്റണി, ജിമ്മി മറ്റത്തിപ്പാറ,അംബിക ഗോപാലകൃഷ്ണൻ, റീനു ജെഫിൻ, ശാന്ത പൊന്നപ്പൻ, ഷെല്ലി ടോമി, ആതിര രാമചന്ദ്രൻ, ഷൈബി മാത്യു, സൂസമ്മ വർഗീസ്, സുനിത സതീഷ്, സിന്ധു ജയ്സൺ, ഇന്ദിരാ ബാബു,ലീല സുകുമാരൻ, അപർണ്ണ സുകുമാരൻ, ലളിത കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.