ഇന്ത്യയിലെ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മുന്‍
നിരയിലുള്ള സൈമ (സൌത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡ്‍സ്) അവാര്‍ഡ്‍സിന്‍റെ പത്താം പതിപ്പിന് ബംഗളൂരു വേദിയാവും. സെപ്റ്റംബര്‍ 10, 11 തീയതികളിലാണ് പരിപാടി. തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ കലാ, സാങ്കേതിക മേഖലകളില്‍ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചവര്‍ക്ക് ഈ വർഷത്തെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.
ഹൈദരാബാദിലെ ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റര്‍ ആയിരുന്നു സൈമ അവാര്‍ഡ്സിന്‍റെ 9-ാം പതിപ്പിന്‍റെ വേദി. കൊവിഡ് പശ്ചാത്തലത്തില്‍ 2019, 2020 വര്‍ഷങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപനം നടക്കാതിരുന്നതിനാല്‍ ഈ രണ്ട് വര്‍ഷങ്ങളിലെയും വിജയികളെ ഒരുമിച്ച് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്.
2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‍കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യരാണ് മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയത്. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു. നിവിന്‍ പോളി മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു മികച്ച സംവിധായകന്‍. ചിത്രം ജല്ലിക്കട്ട്. 2012-ൽ വിഷ്ണു വർധൻ ഇന്ദൂരിയും ബൃന്ദ പ്രസാദ് അഡുസിമിലിയും ചേർന്നാണ് സൈമ അവാർഡ്‌സ് ലോഞ്ച് ചെയ്തത്.