ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റു. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് നിയമനം. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണ് ഇത്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചത് വലിയ വിവാദമായിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം കളക്ടറായി ചുമതലയേല്‍ക്കുകയും ചെയ്തു.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളെ ഉന്നതപദവിയില്‍ നിയമിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം. തുടർന്ന് ചുമതലയിൽ നിന്ന് ശ്രീറാമിനെ നീക്കം ചെയ്യുകയായിരുന്നു.
കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിന്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും, എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. വിവിധ മുസ്ലീം സംഘടനകള്‍ ശ്രീറാമിന്റെ നിയമനത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി.
പി വി അന്‍വര്‍, കാരാട്ട് റസാഖ് തുടങ്ങിയ ഇടതുപക്ഷ നേതാക്കളും ശ്രീറാമിന്റെ നിയമനത്തില്‍ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം ഒടുവിലായിരുന്നു ശ്രീറാമിനെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.