തിരക്കുള്ള റോഡിന്റെ മധ്യത്തിൽ കസേരയും മേശയുമിട്ടിരുന്ന് മദ്യപാനവും വീഡിയോഗ്രഫിയുമായി ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറിന്റെ വീഡിയോ ആണിപ്പോൾ വൈറലായിരിക്കുന്നത്. ഡെറാഡൂണിലെ തിരക്കുള്ള നഗരത്തിലെ പ്രധാന റോഡിലാണ് ഇയാളുടെ വീഡിയോഗ്രഫി. ബോബി കതാരിയ എന്ന ഇൻഫ്ലുവൻസറുടേതാണ് ഇത്തരമൊരു വിചിത്രമായ നടപടി. മദ്യപാനത്തിന്റെ വീഡിയോ ഇയാൾ ജൂലൈ 28 ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
അധികം വൈകാതെ വീഡിയോ വൈറലായി. എന്നാൽ വീഡിയോയെ ഏറ്റെടുക്കുകയായിരുന്നില്ല, പകരം ഇൻസ്റ്റഗ്രാമിൽ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോഗ്രഫിക്കെതിരെ ആളുകൾ രംഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയർന്നു. 'റോഡുകൾ ആസ്വദിക്കാനുള്ള സമയം' എന്നായിരുന്നു വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. കതാരിയയുടെ സുഹൃത്താണ് റോഡിൽ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ നൽകിയിരിക്കുന്നത്.
6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്. കതാരിയയുടെ വീഡിയോ കണ്ടതിന് പിന്നാലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഐടി ആക്ട് പ്രകാരമടക്കമാണ് കേസ്.