എഡിൻബർഗ് മൃഗശാലയിലെ ഏറ്റവും പ്രായം ചെന്ന പെൻഗ്വിന് ദാരുണാന്ത്യം. കുറുക്കന്റെ ആക്രമണത്തിലാണ് പെൻഗ്വിന് ജീവൻ നഷ്ടപ്പെട്ടത്. വോലോവിറ്റ്‌സ് എന്നാണ് 35 വയസ്സുള്ള പെൻഗ്വിന്റെ പേര്. ബുധനാഴ്ച രാത്രിയാണ് സംഭവം . പാർപ്പിച്ചിരിക്കുന്ന മതിൽ തകർത്തെത്തിയ കുറുക്കൻ അതിനെ കൊല്ലുകയായിരുന്നു. സന്ദർശകർക്കിടയിൽ വളരെ പ്രശസ്‌തയായിരുന്നു വോലോവിറ്റ്സ്. 1987 ലായിരുന്നു അതിന്റെ ജനനം. ആയുർദൈർഘ്യത്തിന്റെ ഇരട്ടി പ്രായമുള്ളതാണ് ഈ പെൻഗ്വിൻ. ആക്രമണത്തിൽ അകത്തുണ്ടായിരുന്ന മറ്റ് പെൻഗ്വിനുകൾക്കൊന്നും പരിക്കേറ്റിട്ടില്ല എന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, അമിത മത്സ്യബന്ധനം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണിത്. മൃഗശാലയിലെ പെൻഗ്വിൻ പരേഡ് സന്ദർശകർക്കിടയിൽ ഏറെ പ്രശസ്തമാണ്. ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ഇല്ലാതിരിക്കാനും മറ്റ് പെൻഗ്വിനുകളെ രക്ഷിക്കാനും വേണ്ടത് ചെയ്യും. എല്ലാ ദിവസവും ജീവനക്കാർ മൃഗശാലയുടെ ചുറ്റുമതിൽ പരിശോധിക്കാറുണ്ട്. എന്നാൽ, വന്യമൃഗങ്ങൾ അതിക്രമിച്ച് കയറുകയാണ് എന്നും മൃഗശാല അധികൃതർ പറഞ്ഞു.