കൊച്ചി: കുറ്റം ചുമത്തൽ പൂർത്തിയാവാൻ പ്രതിയെ കേൾക്കണം എന്ന് ഹൈക്കോടതി. വിചാരണയുടെ ഭാഗമായ കുറ്റം ചുമത്തൽ പൂർത്തിയാകണം എങ്കിൽ കുറ്റം സമ്മതിക്കുന്നോയെന്ന ചോദ്യത്തിന് പ്രതി നൽകുന്ന വിശദീകരണം കേൾക്കണമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നത്.
അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന ഹർജി കുറ്റം ചുമത്തൽ നടപടി പൂർത്തിയായെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിബിഐ കോടതി തള്ളിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. കോട്ടയം അയ്‌മനം സ്വദേശി രഞ്ജിത്ത് പന്നയ്ക്കൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കെ ബാബുവിന്റെ പരാമർശം.
രണ്ടാഴ്ചയ്ക്കകം ഹർജികൾ വീണ്ടും പരിഗണിച്ച് തീർപ്പാക്കാൻ തിരുവനന്തപുരം സിബിഐ കോടതിക്ക് നിർദ്ദേശം നൽകി. ഓസ്ട്രേലിയയിൽ പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ബാങ്ക് വായ്‌പ തരപ്പെടുത്തി കമ്മിഷൻ തട്ടിയതുമായി ബന്ധപ്പെട്ടാണ് സിബിഐ മൂന്ന് അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്.
ഇതിലെ കുറ്റപത്രങ്ങൾ റദ്ദാക്കാൻ രഞ്ജിത്ത് നൽകിയ ഹർജികൾ സിബിഐ കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കുറ്റം ചുമത്തൽ നടപടി പൂർത്തിയായില്ലെങ്കിൽ ഹർജികൾ പരിഗണിക്കാൻ നിർദ്ദേശിച്ചു. എന്നാൽ കുറ്റം ചുമത്തൽ പൂർത്തിയായെന്ന് വിശദീകരിച്ച് സിബിഐ കോടതി ഹർജികൾ വീണ്ടും തള്ളി. ഇതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.