കടുത്തുരുത്തി: കാട് മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും കാട്ടുമൃഗങ്ങളുടെയും വിഷപ്പാമ്പുകളുടെയും ആവാസകേന്ദ്രമായി മാറിയ കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, പിഎൽസി സമര സമതി ചെയർമാനുമായ സന്തോഷ് കുഴിവേലി ആവശ്യപെട്ടു.
ഇവിടുത്തെ പത്ത് ഏക്കറോളം ഭൂമിയും ഇതിലുണ്ടായിരുന്ന കെട്ടിടങ്ങളുമെല്ലാം കാടു മൂടി നാശാവസ്ഥയിലാണ്. ഒരു കാലത്തു കടുത്തുരുത്തിയിലെ പ്രമുഖ്യ വ്യവസായ, ധനകാര്യ സ്ഥാപനങ്ങളിലൊന്നായിരുന്നു പാലകരയിലെ റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി. തൊഴിലാളികളുള്‍പ്പെടെ നൂറിലേറേപ്പേര്‍ക്കു സ്ഥിര വരുമാനം നല്‍കിയിരുന്ന സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളിലൊന്നായിരുന്നു ഇത്.
സ്ഥാപനത്തിന്റെ അസ്ഥിവാരം തോണ്ടിയവര്ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഇവരുടെ ആസ്തി പിടിച്ചെടുത്തു കര്‍ഷര്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുള്ള പണം തിരിച്ചു നല്‍കണമെന്നുമാവശ്യപ്പെട്ട് സന്തോഷ് കുഴിവേലിയുടെ നേത്യത്വത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ച കർഷകരുടേയും തൊഴിലാളികളുടേയും കൂട്ടായ്മയായപിഎല്സി സമരസമിതി രംഗത്തെത്തി.
സംഘത്തിന്റെ പാലകരയിലുള്ള വസ്തുവകകള്‍ വില്പന നടത്തി ബാധ്യത തീര്‍ക്കുന്നതിനു ഹൈക്കോടതിയില്‍നിന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഭരണസമിതിയുടെ നേതൃത്വത്തില്‍ വിധി വാങ്ങിയിരുന്നു. വിധിയുടെ അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ സംഘത്തിന്റെ വസ്തുക്കള്‍ വില്ക്കാന് ഉത്തരവ് നല്‍കുകയും ഇതിനായി കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കണ്‍വീനറായിട്ടുള്ള 9 അംഗ വാല്യൂവേഷന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
വസ്തുക്കള്‍ വില്ക്കാന് ഭരണസമിതി ഹൈക്കോടതിയില്‍നിന്നു വിധി ലഭിക്കുമ്പോൽ 35 കോടിയോളം രൂപയുടെ ബാധ്യത സംഘത്തിനുണ്ടെന്നായിരുന്നതായി പിഎല്‍സി സമരസമിതി ചെയർമാൻ സന്തോഷ് കുഴിവേലിയും ജനറൽ സെക്രട്ടറിമാരായ അനിൽ കാട്ടാത്തു വാലയിലും, ജോജോ വഞ്ചിപുരയ്ക്കലും പറഞ്ഞു.
സംഘത്തിന്റെ വസ്തുവകകള്‍ വിറ്റഴിച്ചാലും നിലവിലെ അവസ്ഥയില്‍ ബാധ്യതകള്‍ അവസാനിക്കുകയില്ലെന്നും ഇപ്പോഴത്തെ വിലയനുസരിച്ചു അഞ്ചിലൊന്നു തുക പോലും പാലകരയിലെ വസ്തുക്കള്‍ വിറ്റാല്‍ ലഭിക്കുകയില്ലെന്നും ഇവര്‍ പറയുന്നു. റബര്‍ പാല്, ഷീറ്റ്, ഒട്ടുപാല് എന്നിവയുടെ വാങ്ങല്‍, വില്പന ഇനത്തില്‍ റബര്‍ ബോര്‍ഡിന്റെ നിശ്ചിത വിലയേക്കാള്‍ വില കൂട്ടിയുള്ള ഇടപാടുകള്‍ നടത്തിയും സംഘംവക സ്ഥലത്തെ പാറപൊട്ടിച്ചു വിറ്റും റബര്‍ ഉത്പന്നങ്ങളുടെ വില്പനയില് ക്രമക്കേടു നടത്തിയതും വിവിധ ഇനങ്ങളിലെ അഡ്വാന്‍സ് തുക ക്രമപ്പെടുത്താതെ തിരിമറി നടത്തിയതും ഉള്‍പ്പെടെ 9.27 കോടി രൂപയോളം കവര്‍ന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതായും പിഎല്‍സി സമര സമിതി ചെയർമാൻ സന്തോഷ് കുഴിവേലി പറഞ്ഞു. പിഎല്‍സി സമര സമതിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് ധർണ്ണയടക്കമുള്ള സമരങ്ങൾ നടത്തി.