കടുത്തുരുത്തി: കാട് മൂടി വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ പൊതുകിണർ നശിക്കുന്നു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ആയിരക്കണക്കായ യാത്രക്കാരും റെയിൽവേ ജീവനക്കാരും കുടിവെള്ളത്തിനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പൊതുകിണറും പരിസരവും മാലിന്യം നിറഞ്ഞ് കാട് പിടിച്ച നിലയിലാണ്.
കോവിഡിന് ശേഷം കിണറിനുള്ളിലും പരിസരത്തും പാഴ്ച്ചെടികൾ നിറഞ്ഞ് കിണറോ മോട്ടോർപുരയോ പോലും കാണാൻ സാധിക്കാതെ വരികയും അത് മാലിന്യ നിക്ഷേപത്തിനു ഇടയാക്കുകയും ചെയ്തു. എത്ര കടുത്ത വേനലിലും ഈ കിണറ്റിലെ വെള്ളം വറ്റാറില്ല. ചുറ്റുമതിലും കമ്പിവേലിയും ഉണ്ടെങ്കിലും കാട് പിടിച്ച അവസ്ഥയിലാണ്.
ആയിരകണക്കിന് ആളുകൾക്ക് ഉപയോഗപ്രദമായ ഈ കിണർ സർക്കാരിന്റെ ജലസംരക്ഷണ പദ്ധതികളിൽ ഉൾപ്പെടുത്തി കിണറിനുള്ളിലും പരിസരത്തുമുള്ള മാലിന്യങ്ങൾ നീക്കംചെയ്തു യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പുവരുത്തണമെന്നും റെയിൽവേ സ്റ്റേഷനിൽ വാട്ടർ എടിഎം അടക്കം സ്ഥാപിക്കണമെന്നും വൈക്കം റോഡ് യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.