തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ പേവിഷബാധ തടയാൻ അവയ്ക്ക് വാക്സിനേഷൻ എടുക്കുന്നതിനുള്ള തീവ്ര യജ്ഞം ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെ നടത്തുമെന്നും അടുത്തമാസം ആദ്യം മുതൽ വന്ധ്യംകരണത്തിന് 37 കേന്ദ്രങ്ങൾ കൂടി മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. റാബീസ് ഫ്രീ കേരള പദ്ധതി പ്രകാരമാണിത്.
തെരുവുനായ്കളുടെ എണ്ണം 2025 ഓടെ പൂർണമായും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു തദ്ദേശ സ്ഥാപന പരിധിയിൽ കൂടുതൽ പേർക്ക് നായ്ക്കളുടെ കടിയേറ്റ (ഒരുമാസത്തിൽ പത്തിലധികംപേർക്ക്) ഹോട്ട് സ്പോട്ടുകൾക്കാകും വാക്സിനേഷനിൽ മുൻഗണന. ആകെ ഹോട്ട് സ്പോട്ടുകൾ 170. വാക്സിനേഷനായി 78 ഡോഗ് കാച്ചർമാരെ കണ്ടെത്തി. ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും.
ഇതുവരെ രണ്ടു ലക്ഷം ഡോസ് വാക്സിൻ നായ്ക്കളിൽ കുത്തിവച്ചു. വിവിധ ജില്ലകളിലെ മൃഗാശുപത്രികളിലേക്ക് നാലു ലക്ഷം ഡോസ് വിതരണം ചെയ്തു. നാലു ലക്ഷം ഡോസ് കൂടി വാങ്ങാൻ നടപടി സ്വീകരിച്ചു. ഒരു ഡോസ് വാക്‌സിന് ചെലവ് 10 രൂപ.വന്ധ്യംകരണ കേന്ദ്രങ്ങളിലേക്ക് വെറ്രറിനറി ഡോക്ടർമാരെയും ഡോഗ് കാച്ചർമാരെയും കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. ഇവർക്ക് പരിശീലനം നൽകും.