രാമപുരം: സ്വകാര്യ വ്യക്തി ഓട മണ്ണിട്ട് നികത്തിയത് മൂലം രാമപുരത്ത് റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. രാമപുരം- ഐങ്കൊമ്പ് റോഡില്‍ മരങ്ങാട് പാലത്തിന് സമീപമാണ് വെള്ളക്കെട്ട്. പാലാ - തൊടുപുഴ റോഡിനെയും രാമപുരം ടൗണിനെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡാണിത്. ചെറിയ മഴപെയ്യുമ്പോള്‍ തന്നെ ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടാകുന്നത്.
വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത് രണ്ടുവശത്തും വലിയ വളവുകളാണുള്ളത്. ആയതിനാൽ പലപ്പോഴും ദൂരദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ പരിചയമില്ലാതെ വേഗത്തില്‍ വെള്ളത്തിലൂടെ പോകുമ്പോള്‍ റോഡിലൂടെ പോകുന്ന യാത്രക്കാരുടെ ദേഹത്തേയ്ക്ക് വെള്ളം തെറിക്കുന്നത് പതിവാണ്.
ഇതുകൂടാതെ ഇവിടെ വെള്ളക്കെട്ട് മൂലം നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. വെള്ളത്തിൽ ഇറങ്ങി നടന്നുപോകുന്ന കാൽനടയാത്രക്കാർക്ക് വിഷജന്തുക്കളുടെ ആക്രമണവും പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് ഇവിടെ കൂടുതലായും അപകടത്തില്‍പെടുന്നത്.
നേരത്തെ വെള്ളം ഓടയിലൂടെ ഒഴുകി മരങ്ങാട് തോട്ടില്‍ വീണുകൊണ്ടിരുന്നതാണ്. എന്നാല്‍ സ്വകാര്യ വ്യക്തി സ്വാര്‍ത്ഥ താല്‍പര്യത്തോടെ നിലം മണ്ണിട്ടുപൊക്കി വെള്ളം ഒഴുകിക്കൊണ്ടിരുന്ന ഓട നികത്തി കളയുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
കാലകാലങ്ങളായി ജനസേവനം നടത്തേണ്ട രാമപുരത്തെ ഉദ്യോഗസ്ഥന്മാരാരും ഇതിനെതിരെയാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. അപകടത്തില്‍ ഒരു ജീവനെങ്കിലും നഷ്ടപ്പെട്ടാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടാന്‍ അധികാരികള്‍ തയ്യാറാവുകയുള്ളു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.