കോട്ടയം: കോട്ടയത്ത് റോഡിലെ കുഴിയില്‍ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡില്‍ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കുഴിയില്‍ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയില്‍ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ പ്രതിഷേധം.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉള്‍പ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്.
റോഡിന്റെ ശോചനീയ അവസ്ഥയെപറ്റി നാളുകളായി യാത്രക്കാര്‍ പലതവണ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒന്നും നടപടികള്‍ ഉണ്ടാകാതെവന്നതോടെയാണ് വ്യത്യസ്ത പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എംസി റോഡ് സുരക്ഷ പദ്ധിയുടെ ഉദ്ഘാടനത്തിന് ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു പ്രതിഷേധം.
ആര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെനായിരുന്നു മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണം. റോഡിലെ കുഴി മഴ മൂലം ഉണ്ടായതാണെന്നും ഉടന്‍ കുഴിയടയ്ക്കുമെന്നുമാണ് പൊതുമരാമത്ത് അധികാരികള്‍ അറിയിക്കുന്നതെന്നും മന്ത്രി വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.