കൊച്ചി: ഇന്ത്യയ്ക്ക് ഇതു ചരിത്ര നിമിഷം. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
‘‘ആത്മനിർഭർ ഭാരതിന്റെ ഉദാത്ത പ്രതീകമാണ് ഇത്. ഇത് അഭിമാന മുഹൂർത്തം. കൊച്ചി കപ്പൽശാലയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. മെയ്ക്ക് ഇൻ ഇന്ത്യ മാത്രമല്ല, മെയ്ക്ക് ഫോർ ദി വേൾഡ് ആണ് ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ്.
സമുദ്രമേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചു. പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ പ്രതീകമാണ് വിക്രാന്ത്. ഇതിലൂടെ ഇന്ത്യയ്ക്കു പുതിയ ശക്തിയും ഊർജവും ലഭിച്ചു. ശക്തമായ ഭാരതത്തിന്റെ ശക്തമായ ചിത്രമാണിത്.
ഐഎൻഎസ് വിക്രാന്ത് ബൃഹത്തും ഗാംഭീര്യവും അതുല്യവും സവിശേഷവുമാണ്, അത് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നു. നേരത്തെ, വികസിത രാജ്യങ്ങൾക്കു മാത്രമേ ഐഎൻഎസ് വിക്രാന്ത് പോലുള്ള വിമാനവാഹിനിക്കപ്പലുകൾ നിർമിക്കാൻ കഴിയുമായിരുന്നുള്ളൂ.
എന്നാൽ ഇപ്പോൾ, ഇന്ത്യ ഈ നേട്ടം കൈവരിച്ചു. ഐഎൻഎസ് വിക്രാന്തിൽ ഉപയോഗിക്കുന്ന ഓരോ ഭാഗത്തിനും അതിന്റേതായ തുടക്കവും, യാത്രയുമുണ്ട്. ഇത് തദ്ദേശീയമായ സാധ്യതകളുടെയും തദ്ദേശീയ വിഭവങ്ങളുടെയും കഴിവുകളുടെയും പ്രതീകമാണ്.
കൊളോണിയൽ കാലഘട്ടത്തിൽനിന്ന് നഷ്ടപ്പെട്ട ഊർജത്തെ ഇന്ത്യ ഈ ആസാദി കാ അമൃത് മഹോത്സവത്തിൽ പുനരുജ്ജീവിപ്പിക്കുകയാണ്. മൗര്യന്മാർ മുതൽ ഗുപ്തർ വരെ ഇന്ത്യയുടെ നാവിക ശക്തി ചരിത്ര കാലത്തുപോലും പ്രസിദ്ധമാണ്. ഛത്രപതി ശിവാജി മഹാരാജ് ശ്രദ്ധേയമായ ഒരു നാവികസേന നിർമിച്ചു. ബ്രിട്ടിഷുകാർ വിവിധ കർക്കശ നടപടികൾ സ്വീകരിച്ചു നമ്മുടെ നാവിക ശക്തിയെ ദുർബലപ്പെടുത്തുകയും ചെയ്തു.
തമിഴ്‌നാടിനും ഉത്തർപ്രദേശിനും രണ്ട് പുതിയ പ്രതിരോധ ഇടനാഴികൾ വരുന്നു. ആത്മനിർഭർ പ്രതിരോധത്തിനായുള്ള ഈ നടപടി ഇന്ത്യയ്ക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രതിരോധ ബജറ്റിന്റെ 25% തദ്ദേശീയമായ സ്രോതസ്സുകൾക്കായി നീക്കിവയ്ക്കുകയും മേഖലയിലെ ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.
നാവിക സേനയെ ശക്തിപ്പെടുത്താൻ ഞങ്ങൾ സമർപ്പിത ശ്രദ്ധയോടെ പ്രവർത്തിക്കുന്നു. വർധിക്കുന്ന ബജറ്റ് മുതൽ അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കുന്നതു വരെ നിരവധി നടപടികൾ കൈക്കൊള്ളുന്നുണ്ട്.
ചെറിയ വെള്ളത്തുള്ളികൾ ഒരു മഹാസമുദ്രം സൃഷ്ടിക്കുന്നതുപോലെ, നമ്മുടെ ദൃഢനിശ്ചയവും ലക്ഷ്യവും ആയ ഒരു ആത്മനിർഭർ ഭാരത് മുന്നോട്ട് കൊണ്ടുപോകാൻ രാജ്യത്തെ ഓരോ പൗരനും ശബ്ദമുയർത്തേണ്ട സമയമാണിത്.
ഓഫ്‌ഷോർ പട്രോൾ വെസലുകൾ, അന്തർവാഹിനികൾ മുതൽ വിമാനവാഹിനിക്കപ്പലുകൾ വരെ ഇന്ത്യൻ നാവികസേന അതിവേഗം ശക്തിപ്പെടുന്നു. അജയ്യമായ നാവികസേന രാജ്യത്തെ സമുദ്ര വ്യാപാരവും വാണിജ്യവും വർധിപ്പിക്കും. ഇന്ത്യ വളരുകയും ശക്തമാവുകയും ചെയ്യുമ്പോൾ, മാനവികതയ്‌ക്കു പരിഹാരങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കാൻ നമുക്ക് കഴിയും.
മുൻ രാഷ്ട്രപതി, ദീർഘവീക്ഷണമുള്ള എ പി ജെ അബ്ദുൾ കലാം ഒരിക്കൽ പറഞ്ഞു, "ശക്തിയും സമാധാനവും കൈകോർക്കുന്നു". ഇത് നവഇന്ത്യയുടെ ധാർമ്മികത രൂപപ്പെടുത്തുന്നു!’’ – മോദി പറഞ്ഞു.
ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി കപ്പൽശാലയിലെത്തി. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി അൽപസമയത്തിനുള്ളിൽ വിക്രാന്ത് കമ്മിഷൻ ചെയ്യും.
നാവികസേനയ്ക്ക് വേണ്ടിയുള്ള ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനിയാണ് ഐഎന്‍എസ് വിക്രാന്ത്. വിക്രാന്തിന്റെ കമ്മിഷനിങ്ങിന് മുൻപായി നാവികസേനയുടെ പുതിയ പതാക അദ്ദേഹം പുറത്തിറക്കി. സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തെ തള്ളുന്നതാണ് നാവികസേനയുടെ പുതിയ പതാക.
ഇതു ചരിത്ര നിമിഷം
ഇന്ത്യന്‍ സമുദ്രത്തില്‍ പ്രതിരോധ കവചം തീര്‍ക്കാന്‍ നാവികസേനയ്ക്കു കൂട്ടായി രണ്ടാമത്തെ വിമാനവാഹിനി പടക്കപ്പല്‍ കൂടിയെത്തുകയാണ്. നാവികസേനയ്ക്കു മാത്രമല്ല രാജ്യത്തിനും ഇതു ചരിത്രനിമിഷം കൂടിയാണ്.
വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്തു നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു കഴിഞ്ഞു. നാവികസേന ഇന്നു മുതല്‍ പുതിയ പതാകയുടെ കീഴിലാവുകയാണ്.
കൊളോണിയല്‍ ചരിത്രശേഷിപ്പു മാറ്റി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമായ പുതിയ പതാകയാണു കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന വിക്രാന്തിന്റെ കമ്മിഷനിങ്ങിനൊപ്പം പ്രധാനമന്ത്രി അവതരിപ്പിക്കും.
കമ്മിഷനിങ്ങിനുശേഷം പ്രധാനമന്ത്രി വിമാനവാഹിനിയിലെ ബ്രിജ്, ഫ്ളൈറ്റ് ഡക്ക് അടക്കം തന്ത്രപ്രധാനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. രണ്ട് മണിക്കൂറോളം സമയമാണു പ്രധാനമന്ത്രി കൊച്ചി കപ്പല്‍ശാലയില്‍ ചെലവഴിക്കുക.
പദ്ധതിക്ക് തുടക്കം 2002ൽ
രാജ്യം തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യവിമാനവാഹിനി പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് 2002ലാണ്. 2007ല്‍ കൊച്ചി കപ്പല്‍ശാലയുമായി നിര്‍മാണ കരാറൊപ്പിട്ടു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി 2009ലാണ് കപ്പല്‍ നിര്‍മാണത്തിന് കീലിട്ടത്.
നിര്‍മാണവേളയില്‍ ഐഎസി 1 എന്ന് പേരിട്ടിരുന്ന ഈ വമ്പന്‍ വിമാനവാഹിനിക്ക് ഡീ കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്തിന്റെ സ്മരണയിലാണ് ആ പേര് നല്‍കിയത്.
എന്നാല്‍ 1997ല്‍ ഡീ കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്തിനേക്കാള്‍ സാങ്കേതിക വിദ്യയിലും, കരുത്തിലും, പോരാട്ടവീര്യത്തിലുമെല്ലാം പതിന്‍മടങ്ങ് മുന്‍പിലാണു പുതിയ വിക്രാന്ത്. മിഗ്-29 കെ യുദ്ധവിമാനങ്ങൾ, കമോവ്-31 എയർ ഏർളി വാണിങ് ഹെലികോപ്റ്ററുകൾ, എംഎച്ച്-60 ആർ മൾട്ടി-റോൾ ഹെലികോപ്റ്റർ, തദ്ദേശീയമായി നിർമിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ എന്നിവ വഹിക്കാനുള്ള ശേഷി വിക്രാന്തിനുണ്ട്.
വ്യോമമേഖലയിലെ ആക്രമണ പരിധി വർധിപ്പിക്കൽ, ഉപരിതല യുദ്ധ പ്രതിരോധം, ആക്രമണാത്മകവും പ്രതിരോധപരവുമായ വ്യോമനീക്കങ്ങൾ, അന്തർവാഹിനി പ്രതിരോധം, വ്യോമപ്രതിരോധ മുന്നറിയിപ്പ് എന്നിവയുൾപ്പെടെ സമാനതകളില്ലാത്ത സൈനിക ശക്തിയാണു വിക്രാന്ത് വാഗ്ദാനം ചെയ്യുന്നത്.
വിക്രാന്ത് പൂര്‍ണ സജ്ജമാകുന്നതിനൊപ്പം മൂന്നാമത്തെ വിമാനവാഹിനിയായ ഐഎന്‍എസ് വിശാലിന്റെ നിര്‍മാണാനുമതി കേന്ദ്രസര്‍ക്കാരില്‍ നേടിയെടുക്കാനുള്ള തീവ്രയത്നത്തില്‍ കൂടിയാണ് ഇന്ത്യന്‍ നാവികസേന.
ചടങ്ങിനു ശേഷം നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നു ബെംഗളൂരുവിലേക്കു തിരിക്കും.