പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപതയിലുടനീളം അഗ്രിമ ഓണവിപണികൾ ആരംഭിക്കുന്നു. വിഷരഹിതമായ പച്ചക്കറികളും മായം കലരാത്ത കറിപൗഡറുകളും മറ്റും ജനങ്ങൾക്ക് ലഭ്യമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് വിപണികൾ ആരംഭിയ്ക്കുന്നത്.
52 കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന ഓണ വിപണികളുടെ ഔപചാരികമായ രൂപതാ തല ഉദ്ഘാടനം ശനിയാഴ്ച പാലാ സെൻറ് തോമസ് പ്രസ്സിനു സമീപം അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ മാണി സി.കാപ്പൻ എം.എൽ.എ. നിർവഹിക്കും. രൂപതാ വികാരി ജനറൽ മോൺ.ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.
വട്ടവടയിൽ നിന്നും കൊണ്ടുവരുന്ന വിഷം കലരാത്ത പച്ചക്കറികളും കർഷക സംരംഭകർ നിർമ്മിക്കുന്ന മായം കലരാത്ത കറിപൗഡറുകളും അടക്കമുള്ള ഭക്ഷ്യ വിഭവങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് വിപണികളിൽ ലഭ്യമാക്കുന്നത്. അഗ്രിമ ഉൽപ്പന്നങ്ങൾക്ക് 10% പ്രത്യേക ഓണക്കാല വിലക്കിഴിവും ഉണ്ടായിരിക്കുന്നതാണ്.