പാലാ ടൗണിലും തെരുവ് നായ ശല്യം രൂക്ഷമായി. മീനച്ചിലാറിന്റെ തീരങ്ങളിലും സ്റ്റേഡിയത്തിനുള്ളിലും നഗരസഭ കോംപ്ലക്സിന്റെ പിൻഭാഗങ്ങളിലുമെല്ലാം നായ്ക്കൾ പകൽ സമയത്ത് തമ്പടിക്കുകയാണ്.
പരസ്പരം കടിപിടി കൂടുന്നതും കാൽനടക്കാർക്ക് നേരെ കുരച്ച് ചാടുന്നതും ഭയം ജനിപ്പിക്കുന്നുണ്ട്. തട്ടുകടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങളാണ് തെരുവ് നായ്ക്കളുടെ പ്രധാന ആഹാരം.
രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവരും പ്രഭാത സവാരി നടത്തുന്നവരും നായ്ക്കളുടെ ശല്യം മൂലം കഷ്ടപ്പെടുകയാണ്. പ്രദേശത്ത് പലരും നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
ഓണാവധിയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. സ്കൂളുകളിലും അങ്കണവാടിയിലും എത്തുന്ന കുട്ടികളടക്കം തെരുവ് നായ്ക്കളുടെ ആക്രമണ ഭീതിയിലാണ്.
ഇരുചക്ര വാഹന യാത്രക്കാർക്ക് നായ്ക്കൾ പേടിസ്വപ്നമായി മാറിയിട്ടുണ്ട്. ഇവർക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടിയെത്തുകയാണ് നായ്ക്കൾ.
കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺ ഹാൾ പരിസരം, മുരിക്കുംപുഴ, ചെത്തിമറ്റം, മേവട, രാമപുരം, ഇടമറ്റം, കിടങ്ങൂർ, വലവൂർ, ഭരണങ്ങാനം, കൊല്ലപ്പള്ളി, മുത്തോലി, പാളയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവ് നായ്ക്കൾ കൂട്ടമായി അലഞ്ഞു തിരിയുകയാണ്.