കോട്ടയം: കായംകുളം -എറണാകുളം മെമു സർവീസിനു തുടക്കം. തോമസ് ചാഴികാടൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച രാത്രി 7.30ന് കോട്ടയം റയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു ചടങ്ങ്.
ഇതേസമയം കൊച്ചിയിലും കൊല്ലത്തും ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മെമു ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത അതേ അവസരത്തിലാണ് കോട്ടയത്തും ഫ്ലാഗ് ഓഫ് ചെയ്തത്.
സ്റ്റേഷൻ മാനേജർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കൗൺസിലർ സിൻസി പാറേൽ, സീനിയർ സെക്‌ഷൻ എൻജിനീയർ (ഇലക്ട്രിക്കൽ) കെ.എൽ ശ്രീരാജ് എന്നിവർ സന്നിഹിതരായിരുന്നു. വികസനത്തിനു പച്ചക്കൊടി ലഭിച്ചതോടെ കോട്ടയം ആറു പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനാകും. ഗുഡ് ഷെഡിനോട് ചേർന്നാണ് ഈ പ്ലാറ്റ് ഫോം.
വ്യാഴാഴ്ച ചടങ്ങുകൾ നടന്നത് ഒന്നാം പ്ലാറ്റ് ഫോമിലാണ്. ഒന്ന് എ പ്ലാറ്റ്ഫോമിൽ ലൈൻ നിർമാണം പുരോഗമിക്കുന്നുണ്ട്. ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകൾക്കു സമീപം ലിഫ്റ്റിന്റെ നിർമാണം നടക്കുകയാണ്. ഒന്നാം പ്ലാറ്റ് ഫോമിൽ നിന്ന് ഗുഡ്ഷെഡ് റോഡിലേക്കുള്ള മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇവിടെ ടിക്കറ്റ് കൗണ്ടറിനൊപ്പം പാർക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്.
സമയക്രമം
എറണാകുളം – കായംകുളം പ്രതിദിന മെമു എക്സ്പ്രസ് സെപ്റ്റംബർ 2 ആരംഭിക്കും. എറണാകുളം ജംക്‌ഷൻ – (രാവിലെ) 8.45, പിറവം റോഡ് – 9.20, കോട്ടയം–9.52, ചങ്ങനാശേരി ജംക്‌ഷൻ 10.16, തിരുവല്ല–10.25, ചെങ്ങന്നൂർ–10.38, കായംകുളം ജംക്‌ഷൻ – 11.40.
തിരികെ വൈകിട്ട്
കായംകുളം– 3.00, ചെങ്ങന്നൂർ – 3.20, തിരുവല്ല– 3.31, കോട്ടയം– 4.00, പിറവം റോഡ്– 4.35, എറണാകുളം ജംക്‌ഷൻ –5.50