തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകൾ നിർമാണം കഴിഞ്ഞു ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കെതിരെയും കരാറുകാർക്കെതിരെയും കേസെടുക്കാൻ സർക്കാർ തീരുമാനം.
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് സർക്കുലർ പുറത്തിറക്കി. നിര്‍മാണം കഴിഞ്ഞതായി സർട്ടിഫിക്കറ്റ് നൽകി ആറു മാസത്തിനകം റോഡുകൾ തകരുകയോ കുഴികള്‍ രൂപപ്പെടുകയോ ചെയ്താൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്താനാണു നിർദേശം.
അന്വേഷണം ആറു മാസത്തിനകം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. പ്രകൃതി ദുരന്തങ്ങൾ കാരണമാണു റോഡുകൾ തകർന്നതെന്നു കലക്ടർ റിപ്പോർട്ടു നൽകിയാൽ കേസെടുക്കില്ല
പിഡബ്ല്യുഡിക്കു കീഴിലുള്ള റോഡുകൾ ഒരു വർഷത്തിനകം തകർന്നാൽ എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വീഴ്ച കണ്ടെത്തിയാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു തുടർ നടപടികൾ സ്വീകരിക്കും. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്നു കലക്ടർ റിപ്പോർട്ടു നൽകുന്ന റോഡുകൾക്ക് ഇതു ബാധകമല്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസുകളിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു.
നിർമിച്ച് ആറുമാസത്തിനകം റോഡുകൾ തകർന്നാൽ കരാറുകാരനും എൻജിനീയർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ജൂലൈ 19ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വർഷത്തിനുള്ളിലാണ് റോഡുകൾ തകരുന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു. കേരളത്തിലെ റോഡുകളുടെ കാര്യത്തിൽ ഫണ്ടല്ല, അത് ഉപയോഗിക്കുന്ന രീതിയാണ് പ്രശ്നമെന്നും കോടതി ചൂണ്ടിക്കാട്ടി.