നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായാണ് സംവിധായകന്‍ നിരുപാധികം മാപ്പ് അപേക്ഷിച്ചത്.
ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തിങ്കളാഴ്ച കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാമൂലം നല്‍കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതിനായി രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് വേണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
ചാനല്‍ ചര്‍ച്ചയില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരേ നടത്തിയ പരാമര്‍ശത്തിലാണ് ബൈജു കൊട്ടാരക്കരയ്‌ക്കെതിരേ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതോടെയാണ് വിശദീകരണം നല്‍കാനായി തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇത് അവസാനത്തെ അവസരമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.