പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തിൽ ധാരണ പ്രകാരം മുന്നോട്ടു പോകുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസ്സൽ .പാലാ വിഷയം ഇപ്പോഴേ ചർച്ച ചെയ്യേണ്ട കാര്യമില്ല. ധാരണ തെറ്റിച്ചാൽ അപ്പോൾ വിഷയം പരിഗണിക്കുമെന്നും റസ്സൽ വ്യക്തമാക്കി.
നഗരസഭയിൽ സിപിഎം കേരള കോൺഗ്രസ് എന്നും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടുവർഷവും കേരള കോൺഗ്രസ് എമ്മിനും ഇതിനിടയിൽ വരുന്ന ഒരു വർഷം സിപിഎമ്മിനും ചെയർമാൻ സ്ഥാനം എന്നായിരുന്നു ധാരണ. എന്നാൽ ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കേരള കോൺഗ്രസ് എം ഇപ്പോൾ നിലപാട് എടുക്കുന്നു എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്.
ഇരുകക്ഷികളും തമ്മിലുണ്ടാക്കിയ ധാരണയുടെ പകർപ്പും പുറത്തുവന്നിരുന്നു. ധാരണ പ്രകാരം ഈ ഡിസംബറിൽ ചെയർമാൻ സ്ഥാനം സിപിഎമ്മിന് നൽകണം. എന്നാൽ പകരം അവസാനത്തെ ഒരു വർഷം നൽകാമെന്നാണ് കേരള കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലപാട് എന്നാണ് വിവരം.