ഹരിപ്പാട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിലും മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം. താറാവുകള്‍ ദേശാടനപ്പക്ഷികളുമായി ഇടപഴകാനുള്ള സാധ്യത കണക്കിലെടുത്ത് കായല്‍ നിലങ്ങളില്‍ താറാവുകളെ തീറ്റാന്‍ കൊണ്ടുപോകുന്നത് തൽക്കാലം നിര്‍ത്തിവെക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് നിർദേശം നല്കി.
മുൻവർഷങ്ങളിൽ ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയത്തിന്റെ കായൽമേഖലകളിലും രോഗം കണ്ടെത്തിയിരുന്നു. ആയിരക്കണക്കിന് താറാവുകളെയാണ് വിവിധ വർഷങ്ങളിലായി കൊന്നൊടുക്കിയത്. ദേശാടനപ്പക്ഷികളില്‍നിന്നാണ് രോഗം പടരുന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുള്ളതിനാൽ അതിജാഗ്രത പുലർത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്ത് ഒരാൾ മരണപ്പെടുന്ന സാഹചര്യം നേരത്തേ ഉണ്ടായതായും ഇവർ ചൂണ്ടിക്കാട്ടുന്നു.
അപ്പര്‍ കുട്ടനാട് മേഖലയില്‍ വരുന്ന കുമരകം, അയ്മനം, ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍, തലയാഴം പഞ്ചായത്തുകളിലാണ് ജില്ലയിൽ താറാവ് കൃഷിയേറെയുള്ളത്. ഈ പ്രദേശങ്ങൾ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇത്തരം മേഖലകളിലെ താറാവുകളുടെ എണ്ണം ശേഖരിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ എത്രത്തോളം നഷ്ടമുണ്ടാകുമെന്ന് കണ്ടെത്താനാണ് വിവരശേഖരണം. മൃഗാശുപത്രികൾ മുഖേനയാണ് കണക്കെടുപ്പ്.
നിലവില്‍ രോഗലക്ഷണങ്ങളോ അസ്വാഭാവിക സാഹചര്യമോ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസ്വാഭാവിക സാഹചര്യത്തില്‍ താറാവുകള്‍ ചാകുന്നതോടെ തൂങ്ങിനില്‍ക്കുന്നതോ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2014ലാണ് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. മുമ്പ് നൂറിലേറെ കര്‍ഷകര്‍ ജില്ലയില്‍ താറാവ് കൃഷിയില്‍ സജീവമായിരുന്നു. എന്നാല്‍, തുടര്‍ച്ചയായ വര്‍ഷങ്ങളിലെ തിരിച്ചടിമൂലം കര്‍ഷകരുടെ എണ്ണം വലിയതോതിൽ കുറഞ്ഞു.
വൈറസ് രോഗമായ പക്ഷിപ്പനി പക്ഷികളില്‍നിന്ന് പക്ഷികളിലേക്കാണ് പകരാറുള്ളത്. എന്നാല്‍, ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.