തിരുവനന്തപുരം/പാലാ: സമൂഹ നന്മയ്ക്കായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ആത്മീയാചാര്യനായിരുന്നു ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൻ്റെ പ്രകാശഗോപുരമായിരുന്നു അദ്ദേഹമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദീപനാളം പബ്ളിക്കേഷൻസ് തയ്യാറാക്കിയ പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ നിൻ്റെ വഴികൾ എത്ര സുന്ദരം എന്ന ആത്മകഥയുടെ രണ്ടാം പതിപ്പ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൻ്റെ സർവതോമുഖവും സമഗ്രവികസനവുമായിരുന്നു ബിഷപ്പ് വയലിലിൻ്റെ ലക്ഷ്യം. തൻ്റെ കാലഘട്ടത്തിൽ അതിനായി ശക്തമായ അടിത്തറപാകാനും അദ്ദേഹത്തിനു സാധിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
ആധുനിക പാലായുടെ ശില്പിയായി അദ്ദേഹത്തെ കണക്കാക്കുന്നത് ഇതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ വി ജെ ജോസഫ് എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജെ ജോസ്, ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, പ്രൊഫ ഡാൻ്റി ജോസഫ്, ആർ അജിരാജ്കുമാർ, ജോസഫ് കുര്യൻ എന്നിവർ സംസാരിച്ചു. പുസ്തകത്തിൻ്റെ ആദ്യ കോപ്പി ഫാ സാബു കൂടപ്പാട്ട് ഗവർണറിൽ നിന്നും ഏറ്റുവാങ്ങി.