മെഡിക്കൽ സ്റ്റോറിൽനിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാൻ 25 വയസ്സുകാരന് കംപ്യൂട്ടറിൽ കുറിപ്പടി തയാറാക്കി നൽകിയ സ്കൂൾ വിദ്യാർഥി പിടിയിൽ. നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് വിദ്യാർഥി പിടിയിലായത്.
മാനസിക പ്രശ്നങ്ങൾക്കും, നാഡീസംബന്ധിയായ അസുഖങ്ങൾക്കുമുള്ള മരുന്നുകൾ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി വേണം.
ഈ പ്രശ്നം മറികടക്കാനാണ് കൃത്രിമമായി കുറിപ്പടികൾ തയ്യാറാക്കുന്നത്. മെഡിക്കൽ സ്റ്റോറിൽ നിന്നും ലഹരി പകരുന്ന ഗുളിക വാങ്ങാൻ 25കാരന് കുറിപ്പടി കംപ്യൂട്ടറിൽ തയ്യാറാക്കി നൽകിയത് സ്കൂൾ വിദ്യാർഥിയാണെന്ന് എക്സൈസ് കണ്ടെത്തി.
ഒറിജിനലിനെ വെല്ലുന്ന കുറിപ്പടിയുമായി ലഹരി വാങ്ങിയ ആളെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോഴാണ് നിരന്തരമായി വിദ്യാർഥി വ്യാജ കുറിപ്പടികളുണ്ടാക്കി നൽകിയ വിവരം പുറത്തുവന്നത്. കുറിപ്പടികൾ തയാറാക്കി നൽകുന്നതിനൊപ്പം ലഹരി ഉപയോഗവും പതിവാക്കിയ എറണാകുളം സ്വദേശിയായ വിദ്യാർഥിയെയും കേസിൽ പ്രതി ചേർത്തു. ലഹരി ഉപയോഗിച്ച് വീട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന മകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു വിദ്യാർഥിയുടെ പിതാവും പരാതി നൽകി.
നാർകോട്ടിക് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വ്യാപക പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. നഗരത്തിലെ ഹോട്ടലുകളും രാത്രി തുറന്നിരിക്കുന്ന കഫേകളിലും നിരന്തരം പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും കർശനമാക്കി. നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.