ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്‌ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യംചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് പോലീസ് കൂടുതല്‍ പരിശോധന നടത്തും. കൊച്ചിയില്‍നിന്ന് പ്രത്യേക ഡോഗ് സക്വാഡും ഇലന്തൂരിലേക്ക് തിരിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായകളാണ് വീട്ടുപറമ്പില്‍ തിരച്ചിലിനെത്തുന്നത്. നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ള നായകളാണ് ഇവ.
തിരച്ചിലില്‍ മണ്ണിനടിയില്‍ മൃതദേഹമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ കുഴിച്ച് വിശദമായ പരിശോധന നടത്തും. ഇതിനായി ജെസിബി ഉള്‍പ്പെടെ ഇവിടേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനെത്തിക്കും.
പ്രതികളെ എത്തിക്കുന്നത് കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷയും ശക്തമാക്കി. വന്‍ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഉള്‍പ്പെടെ പോലീസ് നിയന്ത്രിക്കും.
റോസ്‌ലിന്റെയും പദ്മയുടെയും കൊലപാതകത്തിന് മുമ്പ് പ്രതികള്‍ മറ്റൊരു കൊലപാതകം നടത്തിയിട്ടുണ്ടോയെന്നാണ് പോലീസിന് സംശയിക്കുന്നത്. അതേസമയം, മൂന്നുപേരെയും ചോദ്യംചെയ്തപ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് ലഭിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി പോലീസിനോട് ഒരുകാര്യങ്ങളും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. ഭഗവല്‍ സിങ്ങില്‍നിന്നും ലൈലയില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.