പാലാ: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവും ജനറല്‍ സെക്രട്ടറിയുമായ ജോസ് പാറേക്കാട്ട് കേരള കോണ്‍ഗ്രസ് – എമ്മിലേയ്ക്ക്. കെഎസ്‌സി കാലഘട്ടം മുതല്‍ പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ അടിയുറച്ച് നിന്ന ജോസ് പാറേക്കാട് ഏതാനും നാളുകളായി കേരള കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല.
കഴിഞ്ഞ പുനസംഘടനയില്‍ ജോസഫ് വിഭാഗത്തിന്‍റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. മീനച്ചില്‍ പഞ്ചായത്തില്‍ നിന്നുള്ള ഏക സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു പൂവരണി സ്വദേശിയായ ജോസ്.
കേരളാ കോൺഗ്രസ് മാണി – ജോസഫ് – ജോർജ് വിഭാഗങ്ങൾ ഒന്നായിരുന്ന സംയുക്ത കേരളാ കോൺഗ്രസിൽ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു.
അക്കാലത്ത് ബാർ കോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി പദം രാജിവച്ചു പാലായിലേക്ക് ആദ്യമായെത്തിയ കെ എം മാണിസാറിന് പാലാ കുരിശുപള്ളി കവലയിൽ നൽകിയ സ്വീകരണത്തിൽ പാറേക്കാടൻ നടത്തിയ തീപ്പൊരി പ്രസംഗം അണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു.
പരമ്പരാഗത ജോസഫ് വിഭാഗത്തില്‍ മൂന്നര പതിറ്റാണ്ടു കാലമായി സജീവ സാന്നിധ്യമായിരുന്നു. കെഎസ്‌സി – ജെ, യൂത്ത് ഫ്രണ്ട് – ജെ എന്നീ വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലും സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്നു.
അടുത്തിടെ ജോസ് പാറേക്കാട് കേരള കോണ്‍ഗ്രസ് – എമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു.
എന്നാല്‍ തനിക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് ജോസ് വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണിയുടെ നേതൃത്വം അംഗീകരിച്ച് യഥാര്‍ഥ കേരള കോണ്‍ഗ്രസായി മാറിയ മാതൃസംഘടനയില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നാണ് ജോസ് പാറേക്കാടിന്‍റെയും കൂട്ടരുടെയും നിലപാട്.