കേരളത്തിലെ ഞെട്ടിക്കുന്ന നരബലിയുടെ ചുരുളഴിഞ്ഞത് നിർണായക സിസിടിവി ദൃശ്യങ്ങളിൽ നിന്നെന്ന് പോലീസ്. കൊടും കുറ്റവാളിയായ ഷാഫിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക എന്നത് വളരെ പ്രയാസമായിരുന്നു.
എന്നാൽ അന്വേഷണ തന്ത്രങ്ങളും തെളിവുകളുടേയും അടിസ്ഥാനത്തിൽ പുറത്തുകൊണ്ടു വരികയായിരുന്നുവെന്ന് കൊച്ചി ഡിസിപി ശശിധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ചില സമയത്ത് ഒരു കേസിന്റെ വിവരങ്ങൾ കേൾക്കുമ്പോൾ തന്നെ അതിൽ ഒരു ദുരൂഹത ഉണ്ടെന്ന തോന്നലുണ്ടാകും. ഈ കേസിലും അത് സംഭവിച്ചു. ആദ്യഘട്ടത്തിൽ ഷാഫി എല്ലാ കാര്യങ്ങളും എതിർത്തിരുന്നു. പിന്നീട് അയാൾ കുറ്റം സമ്മതിച്ചു.
കടവന്ത്രയിൽ നിന്ന് തിരുവല്ല വരേയുള്ള പ്രദേശം അരിച്ചുപെറുക്കി സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ സംഘം എടുക്കുകയും അതിൽ കൃത്യമായ പരിശോധന നടത്തിയപ്പോഴായിരുന്നു ഒരു മങ്ങിയ ചിത്രം ലഭിക്കുന്നത്. അതിൽ നിന്ന് വികസിച്ചായിരുന്നു കേസ് ഇപ്പോൾ ഇവിടെ വരെ എത്തിയത്. വാഹത്തിൽ ഇവർ കയറുന്ന ദൃശ്യമായിരുന്നു ആദ്യം ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷമാണ് ഇവർ ഷാഫിക്ക് കൈമാറിയത്. പിന്നെയും പണം നൽകിയിട്ടുണ്ട്. എന്നാൽ ഇതിലുള്ള അന്വേഷണം നടക്കുന്നുണ്ട്. കത്തികളും വെട്ടുകത്തിയുമാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ആയുധങ്ങളുടെ കാര്യത്തിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്.
ഇവർക്ക് സാമ്പത്തിക ബാധ്യതകളുണ്ട് എന്ന് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിലും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഷാഫിയുടെ പേരിൽ എട്ടുകേസുകൾ കൂടിയുണ്ട്.
ഈ വീട്ടിൽ നിന്ന് ഒരു പുസ്തകം കണ്ടെത്തിയിട്ടുണ്ട്. ആഭിചാരക്രിയയുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം പരിശോധിക്കും. കൃത്യമായ ഉത്തരങ്ങൾക്ക് വേണ്ടി ഇനിയും അന്വേഷണം ആവശ്യമുണ്ട്. വ്യക്തമായ ഉത്തരങ്ങൾ നൽകുമെന്ന് ഡിസിപി ശശിധരൻ കൂട്ടിച്ചേർത്തു.