പാലാ നഗരഭരണം സിപിഎമ്മിന് കൊടുക്കില്ലെന്ന തീരുമാനത്തിലാണ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ്. സി.പി.എമ്മിലെ അഡ്വ.ബിനു പുളിക്കക്കണ്ടം അടുത്ത ടേമിൽ പാലാ നഗരസഭാ ചെയർമാനാകില്ല. ഭരണം വിട്ടുകൊടുക്കില്ലെന്ന് ഉന്നത സി.പി.എം.നേതാക്കളെ ജോസ് കെ. മാണി നേരിട്ട് അറിയിച്ചു കഴിഞ്ഞുവെന്നാണ് സൂചന.
എന്നാൽ സി.പി.എമ്മിന്റെ നിലപാട് ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. മാണി ഗ്രൂപ്പിന്റെ ഭരണത്തിലുള്ള ഏകനഗരസഭയാണ് പാലാ. എൽ.ഡി.എഫിലെ മുൻധാരണ അനുസരിച്ച് ആദ്യത്തെ 2 വർഷം മാണി ഗ്രൂപ്പിനായിരുന്നു ചെയർമാൻ സ്ഥാനം. ഡിസംബറിലാണ് ഈ കാലാവധി തീരുന്നത്.
ധാരണ അനുസരിച്ച് സി.പി.എം കൗൺസിലറാണ് ഇനി ചെയർമാൻ ആകേണ്ടത്. ആ സ്ഥാനത്തേയ്ക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് നല്ല ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ.ബിനു പുളിക്കക്കണ്ടത്തിന്റെ പേരായിരുന്നു ഉയർന്നു വന്നത്.
എന്നാൽ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ മാണി വിഭാഗമോ, അഡ്വ. ബിനു പുളിക്കക്കണ്ടമോ തയ്യാറായിട്ടില്ല. എന്നാൽ, പാലാ നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ച് കൃത്യമായി എഗ്രിമെന്റ് നിലവിലുണ്ടെന്ന് ഇടതുമുന്നണിയിലെ ഘടകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.
പാലായില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ലഭിച്ചെന്നും പാലായിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്നുമുള്ള വിലയിരുത്തലിലാണ് ഇപ്പോഴും കേരള കോൺഗ്രസ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മണ്ഡലത്തിൽ പ്രകടമായിരുന്നു. പാലായിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വോട്ടുകൾ ചോർന്നത് കാരണമായിട്ടുണ്ടെന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന സമിതിക്ക് പരാതിയും നൽകിയിരുന്നു.