പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനം കൈമാറ്റം സംബന്ധിച്ചു ഉയർന്നു വരുന്ന ഊഹാപോഹങ്ങൾ ബാലിശമാണെന്നും എൽ ഡി എഫ് മുന്നണിയിലുള്ള ഘടകകക്ഷി എന്ന നിലയിൽ എൽ ഡി എഫ് താൽപ്പര്യങ്ങൾ ഉയർത്തിപിടിക്കുമെന്നും കേരളാ കോൺഗ്രസ് (എം)വൃത്തങ്ങൾ പറയുന്നു.
ആദ്യ രണ്ടു വർഷം കേരളാ കോൺഗ്രസിനും പിന്നീടുള്ള ഒരു വർഷം സിപിഎമ്മിനും പിന്നീടുള്ള രണ്ടു വർഷം കേരളാ കോൺഗ്രസിനും എന്നുള്ളതാണ് നേരത്തെ മുതൽ എൽ ഡി എഫ് ജില്ലാ കമ്മിറ്റി ഉണ്ടാക്കിയിട്ടുള്ള കരാർ ആ കരാറിൽ നിന്നും വ്യതിചലിക്കേണ്ട യാതൊരു പ്രശ്നവും ഇപ്പോൾ നിലവിലില്ലെന്നാണ് കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ പറയുന്നത്.
എൽ ഡി എഫിലെ ധാരണ അനുസരിച്ച് അടുത്ത മുൻസിപ്പൽ ചെയർമാൻ ആരാണെന്നുള്ള കാര്യം സിപിഎം ന്റെ ആഭ്യന്തര കാര്യമാണ്.അതിനു അവരുടേതായ പാർട്ടി ശൈലിയും നടപടികളുമുണ്ട്. അതവർ സമയ ബന്ധിതമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അറിവായിട്ടുള്ളത്.
ഇതേക്കുറിച്ച് സിപിഎം ന്റെ ജില്ലാ സെക്രട്ടറി എ വി റസ്സൽ തന്നെ പറഞ്ഞിട്ടുള്ളത് സമയം വരട്ടെ എന്നാണ്. അദ്ദേഹത്തെ കൊണ്ട് എന്തെങ്കിലും പറയിച്ചു കുത്തി തിരുപ്പ് ഉണ്ടാക്കാമോ എന്നുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങൾക്ക് അതോടെ തിരശീല വീണു.
അവസാന ടേമിൽ ചെയർമാൻ സ്ഥാനത്തിനായി ചില പേരുകൾ ഉദ്ധരിച്ച് കേരളാ കോൺഗ്രസ് എമ്മിൽ തമ്മിൽ തല്ല് ഉണ്ടാക്കുവാൻ പറ്റുമോ എന്നും ഇത്തരം കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും കേരളാ കോൺഗ്രസിലെ പത്ത് കൗൺസിലർമാരും ഒറ്റക്കെട്ടായി എൽ ഡി എഫ് തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും കേരളാ കോൺഗ്രസ് (എം) വൃത്തങ്ങൾ സൂചിപ്പിച്ചു.