രാജകുമാരി: ഇടുക്കി ജില്ലയിലെ പശ്‌ചിമഘട്ട മലനിരകളെ നീലപ്പട്ട് അണിയിച്ച് നീലക്കുറിഞ്ഞി പൂത്തു. ഇതോടെ വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തത്തിന്റെ ശോഭയിലാണ് ഹൈറേഞ്ച്.
ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് കണ്ണിനു വിരുന്നായി നീലക്കുറിഞ്ഞി പൂവിട്ടത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് വ്യാപകമായി കുറിഞ്ഞി പൂത്തിരിക്കുന്നത്.
ശാന്തന്‍പാറയില്‍ നിന്നും മൂന്നാര്‍-തേക്കടി സംസ്‌ഥാന പാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളിപ്പാറ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തത്തിന്റെ മായാജാലം കണ്‍മുന്നില്‍ വിടരും.
2020 -ല്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ തോണ്ടിമലയിലും വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂത്തിരുന്നു. ആരാലും അറിയപ്പെടാതെ അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളെ കാത്തിരിക്കുകയാണ്.