ചൈനയിൽ കടുത്ത നിയത്ന്രണങ്ങൾക്കിടയിലും തീവ്രവ്യാപനശേഷിയുള്ള മറ്റു രണ്ടു കോവിഡ് വകഭേദങ്ങൾ കൂടി പടരുന്നതായി വാർത്ത പുറത്തുവരുന്നു. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ പ്രതിരോധിക്കാൻ ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും തുടരുകയാണ് ചൈന.
ഒമിക്രോൺ വകഭേദങ്ങളായ BF.7, BA.5.1.7 എന്നിവയാണ് ചൈനയിൽ നിലവിൽ പടർന്നുകൊണ്ടിരിക്കുന്നത്. BF.7, ഒമിക്രോൺ വകഭേദമായ BA.5.2.1ന്റെ ഉപവകഭേദമാണ്. BA.2.75.2 എന്ന പേരിലും ഈ വകഭേദം അറിയപ്പെടുന്നുണ്ട്.
ഷോഗ്വാൻ, യാൻടായ് എന്നിവിടങ്ങളിലാണ് നിലവിൽ ഈ വകഭേദങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഒക്ടോബർ നാലിനാണ് ആദ്യമായി സ്ഥിരീകരിച്ചത്. BA.5.1.7 ആദ്യമായി കണ്ടെത്തിയത് ചൈനീസ് മെയിൻലാൻഡിലാണെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തീവ്ര വ്യാപനശേഷിയുള്ള BF.7 നെ ജാഗ്രതയോടെ നേരിടണമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം വ്യാപിക്കുന്നയിടങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളും മറ്റും താൽക്കാലികമായി അടച്ചിടാനുള്ള ഉത്തരവുകളും വന്നുകഴിഞ്ഞു.
സീറോ കോവിഡ് പോളിസിയുടെ ഭാഗമായി നേരത്തേ മുതൽ ചൈനയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ട്. വൈറസിനെ പരമാവധി തുടച്ചുനീക്കാൻ കോൺടാക്റ്റ് ട്രേസിങ്, ഐസൊലേഷൻ, ടെസ്റ്റിങ്ങുകൾ, ലോക്ഡൗൺ തുടങ്ങിയവ ഉൾപ്പെടെയുള്ള കടുത്ത മാർഗങ്ങളാണ് സീറോ കോവിഡ് പോളിസിയുടെ ഭാഗമായി ചൈന നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങൾ കടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുതിയ വൈറസ് ബാധ സ്ഥിരീകരിക്കുന്നില്ല എന്നും രോഗത്തെ പൂർണമായും തുടച്ചുനീക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.