പാലായുടെ "നിയുക്ത ചെയർമാനാ"ക്കിയ വിവരം അറിഞ്ഞിട്ടില്ലെന്ന് ബൈജു കൊല്ലംപറമ്പിൽ. ബിഎം ടിവി പകർത്തിയ ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്.
പാലാ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജൂ കൊല്ലംപറമ്പിലിനെ "നിയുക്ത നഗരസഭാ ചെയർമാനാക്കി" സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററിനെക്കുറിച്ച് തനിക്കോ പാർട്ടിയ്ക്കോ യാതൊരു അറിവുമില്ലെന്ന് ബൈജു കൊല്ലംപറമ്പിൽ പ്രതികരിച്ചു.
നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുടെ ഇടയ്ക്കാണ് ബൈജുവിൻ്റെ പൂർണ്ണകായ ചിത്രം ഉപയോഗിച്ചുള്ള പോസ്റ്റർ "പാലായുടെ നിയുക്ത നഗരപിതാവ് ബൈജു കൊല്ലംപറമ്പന് അഭിവാദ്യങ്ങൾ" എന്ന അടിക്കുറിപ്പോടെ പ്രചരിയ്ക്കുന്നത്.
പാലാ ലോയേഴ്സ് ചേംബർ ഉദ്ഘാടന വേളയിൽ ബി.എം. ടി.വി പ്രതിനിധി പകർത്തിയ ചിത്രമാണ് ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം താൻ സ്റ്റാറ്റസായി ഇട്ടിരുന്നുവെന്നും അത് ഉപയോഗിച്ച് ആരോ ഒപ്പിച്ച പണിയാണിതെന്നും അദ്ദേഹം പറഞ്ഞു.
തൽപ്പര കക്ഷികൾ സൃഷ്ടിക്കുന്ന വ്യാജപ്രചരണങ്ങളാണ് ഇത്. നഗരസഭ ഭരണം സംബന്ധിച്ച് ഇടതുപക്ഷ മുന്നണിയുടെ തീരുമാനങ്ങൾ അപ്പാടെ അനുസരിച്ച് എല്ലാവരും മുന്നോട്ട് പോകുമെന്നും അതിൽ മായം ചേർക്കാൻ തയ്യാറല്ലന്നും ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
എൽഡിഎഫ് ജില്ലാ പ്രസിഡന്റും കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റും ഇത് സംബന്ധിച്ച് നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി തീരുമാനങ്ങൾക്ക് അപ്പുറം ആരും പ്രവർത്തിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.