ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ എം.പി. ഈ റേസ് അവസാനിക്കും വരെ ഉണ്ടാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ശശിതരൂർ പിൻവാങ്ങുമെന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാൽനൂറ്റാണ്ടിനുശേഷമാണ് കോൺഗ്രസിനെ നയിക്കാൻ നെഹ്രുകുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷനുണ്ടാകുന്നത്. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ എൺപതുകാരനായ ഖാർഗെ രംഗത്തെത്തിയത്. വിമത ശബ്ദമുയർത്തിയ ജി-23 നേതാക്കളുൾപ്പെടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
ജി-23 നേതാക്കളായ ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, മുകുൾ വാസ്‌നിക്, അഖിലേഷ് പ്രസാദ് സിങ് എന്നിവർ ഖാർഗെയുടെ പത്രികയിൽ ഒപ്പുവെച്ചിരുന്നു.