കറുകച്ചാലില്‍ പതിനേഴുകാരിയെ കുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറി മറ്റൊരാളുമായി സൗഹൃദത്തിലായ കാരണത്താൽ.
വയറില്‍ കുത്താനുള്ള ശ്രമം തടഞ്ഞപ്പോള്‍ കൈയില്‍ കൊള്ളുകയായിരുന്നു.
പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിക്കാണ് പരിക്കേറ്റത്. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു.
പെണ്‍കുട്ടിയും അഖിലും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നു. അഖിലിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒരു മാസം മുന്‍പ് പെണ്‍കുട്ടി പിന്മാറുകയും മറ്റൊരാളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നില്‍.
വ്യാഴാഴ്ച 11.10-ഓടെ കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം. തന്നെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അഖിലിനെതിരേ പരാതി നല്‍കാനായി പെണ്‍കുട്ടിയും സുഹൃത്തും പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അക്രമം. പിന്തുടര്‍ന്നെത്തിയ അഖില്‍ കൈയില്‍ കരുതിയ കത്രികകൊണ്ട് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.
തന്നെ കുത്തിയ അഖിലിനെ അറിയിലെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഏറെ നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്നുമായിരുന്നു അഖിലിന്റെ മറുപടി. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്ന് അറിയുന്നത്.
ഇത് അഖിലിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു. ഇതിനിടയിലാണ് അഖിലിനെ തെളിവെടുക്കാനായി സ്റ്റേഷന് പുറത്തിറക്കിയത്. ഒരു കൂസലുമില്ലാതെയാണ് ഇയാള്‍ കാര്യങ്ങള്‍ വിവരിച്ചതും. സംഭവസ്ഥലത്ത് നിന്നുതന്നെ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.