കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ശശി തരൂര്‍ എംപി അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റിയിൽ പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കി. പ്രമേയം ഡിസിസിക്കും കെപിസിസിക്കും അയച്ചു.
ശശി തരൂരിനെ പിന്തുണയ്ക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അമര്‍ഷമുണ്ടെന്ന് തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ബൂത്തിലെ പ്രവര്‍ത്തകരെ പുകഴ്ത്താന്‍ ഏതൊക്കെ വാക്കുണ്ടോ അതെല്ലാം പ്രയോഗിക്കുന്ന എല്ലാ നേതാക്കളും ഇത് കാണണമെന്ന അഭ്യര്‍ഥനയോടെയാണ് തരൂര്‍ അനുകൂല പ്രമേയം പാസാക്കിയത്.
സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശശി തരൂരിന് കഴിയുമെന്ന് തോട്ടയ്ക്കാട് വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കണ്ടും അഭിപ്രായം അറിയിച്ചു.
വാര്‍ഡ് കമ്മിറ്റി ഓഫിസിന് മുന്നില്‍ തരൂരിനെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സുകളും നോട്ടിസുകളും പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രമേയം പാസാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 6 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പാലായിലും ശശി തരൂരിനായി ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.